പ്രണയിക്കുന്നയാൾക്ക് വേണ്ടി ഏതൊരറ്റം വരെയും പോകുന്നവരുണ്ടായിരുന്നു ഒരു കാലത്ത്. കാലം മാറി...സ്വാർഥകാര്യങ്ങൾക്കു വേണ്ടി എന്തും ചെയ്യാൻ മടികാണിക്കാത്ത രീതിയിലേക്ക് യുവാക്കൾ വളർന്നു. കുറ്റംകൃത്യം നടത്തിയതിനു ശേഷം മൃതദേഹം കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതും പതിവായി.
മൃതദേഹം 35 കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചതിനു ശേഷം ശരീര ഭാഗങ്ങൾ പിന്നീട് പല ഭാഗങ്ങളിലായി ഉപേക്ഷിച്ച സംഭവം നടന്നത് 2022 മേയിലാണ്. ഈ വർഷവും സമാനരീതിയിലുള്ള ഹീനമായ കൊലപാതകത്തിനും നമ്മുടെ നാട് സാക്ഷ്യം വഹിച്ചിരിക്കുന്നു. ഡൽഹിയിലെ തന്നെ നജാഫ്ഗഡിലാണ് പങ്കാളിയെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചത്.
മഹാരാഷ്ട്രയിലെ പാൽഘറിൽ മറ്റൊരു സ്ത്രീയുടെ മൃതദേഹം കട്ടിലിനടിയിലെ പെട്ടിയിൽ നിന്ന് കണ്ടെടുത്തിരിക്കുന്നു. ഈ കൊലപാതകങ്ങൾക്കെല്ലാം സമാന സ്വഭാവമുണ്ട്. കൊല്ലപ്പെട്ടിരിക്കുന്നതെല്ലാം പ്രണയിനികളാണ്.
നിക്കി യാദവ് ആണ് ഈ കൊലപാതക പരമ്പരയിലെ ഏറ്റവും പുതിയ ഇര. 24 വയസുള്ള സാഹിൽ ഗെഹ്ലോട്ട് ആണ് പങ്കാളിയായ നിക്കിയെ കൊലപ്പെടുത്തി മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ചത്. മണിക്കൂറുകൾക്കു ശേഷം സാഹിൽ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തു. സ്വന്തം കാറിൽ വെച്ച് മൊബൈൽ ഡാറ്റ കേബിൾ ഉപയോഗിച്ചാണ് നിക്കിയെ സാഹിൽ കൊലപ്പെടുത്തിയത്. കശ്മീരി ഗേറ്റിനടുത്ത് ഈ മാസം 9നോ 10 നോ ആണ് സംഭവം നടന്നതെന്ന് പൊലീസ് കരുതുന്നു. കൊല്ലപ്പെട്ട നിക്കിയെയും സമീപത്തിരുത്തി സാഹിൽ 40 കിലോമീറ്ററോളം ഡൽഹിയിലേക്ക് യാത്ര ചെയ്തു.
2018ൽ ഉത്തംനഗറിലെ കോച്ചിങ് സെന്ററിൽവെച്ചാണ് സാഹിൽ ഗെഹ്ലോട്ടും നിക്കി യാദവും കണ്ടുമുട്ടിയത്. അധികം വൈകാതെ ഇരുവരും പ്രണയത്തിലായി. ഒരുമിച്ചു ജീവിക്കാനും തുടങ്ങി. ഗ്രേറ്റർ നോയ്ഡയിൽ വാടകവീട്ടിൽ നിന്നാണ് ഇരുവരും ഒന്നിച്ച് കോളജിലെത്തിയത്. മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് തന്റെ കുടുംബം സമ്മർദ്ദം ചെലുത്തിയിരുന്നതായി സാഹിൽ പൊലീസിനോട് പറഞ്ഞു. ഈ മാസാദ്യമായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം തീരുമാനിച്ചത്. എന്നാൽ വിവാഹത്തെ കുറിച്ചൊന്നും നിക്കിയെ സാഹിൽ അറിയിച്ചിരുന്നില്ല. ഒടുവിൽ ഇക്കാര്യം അറിഞ്ഞപ്പോൾ നിക്കി എതിർക്കുകയായിരുന്നു. തുടർന്ന് രണ്ടുപേരും തമ്മിൽ വാദപ്രതിവാദം നടന്നു. കൃത്യം നടത്തിയ സാഹിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യലിനായി പ്രതിയെ അഞ്ചുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊടുത്തിരിക്കുകയാണ് പൊലീസ്.
ഹർദിക് ഷാ, മേഘ ധാൻ സിങ് ടോർവി
മേഘ ധാൻ സിങ് ടോർവിയാണ് മറ്റൊരു ഇര. നിക്കി യാദവ് കൊലക്കേസ് പുറത്തുവന്ന സമയത്താണ് മഹാരാഷ്ട്രയിൽ നടന്ന ഈ കുറ്റകൃത്യവും പുറത്തുവന്നത്. മഹാരാഷ്ട്രയിലെ നലാസോപാരയിലെ വീട്ടിലെ കട്ടിലിനോട് ചേർന്ന പെട്ടിയിൽ നിന്നാണ് 35 വയസുള്ള സ്ത്രീയുടെ മൃതദേഹം പാൽഘർ പൊലീസ് കണ്ടെടുത്തത്. ഇവർ താമസിച്ചിരുന്ന വാടകവീട്ടിൽ നിന്ന് ദുർഗന്ധമുയരുന്നതായി അയൽക്കാർ പരാതി നൽകിയപ്പോഴാണ് പൊലീസ് അന്വേഷണം നടത്തിയത്. നഴ്സായിരുന്നു മേഘയെ 27കാരനായ പങ്കാളി ഹർദിക് ഷാ ആണ് കൊലപ്പെടുത്തിയത്. ഹർദിക് തൊഴിൽ രഹിതനായിരുന്നു. എപ്പോഴും ഇതിന്റെ പേരിൽ ദമ്പതികർ തമ്മിൽ വഴക്കിടുമായിരുന്നു. അങ്ങനെയൊരു വഴക്കിനിടെയാണ് ഹർദിക് മേഘയെ കൊലപ്പെടുത്തിയത്.വിവാഹിതരാണെന്നും റിയൽ എസ്റ്റേറ്റ് ഏജൻറാണെന്നുമാണ് ഇവർ അയൽക്കാരോടും വീട്ടുടമസ്ഥനോടും പറഞ്ഞിരുന്നത്. കൊലപാതകത്തിനു ശേഷം ഹർദിക് വിവരം സഹോദരിയെ അറിയിച്ചു. അവിടെയുള്ള ഫർണീച്ചറുകൾ വിറ്റ് കാശാക്കിയാണ് പ്രതി വീട്ടിൽ നിന്ന് രക്ഷപ്പെട്ടത്. ചൊവ്വാഴ്ചയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
ശ്രദ്ധ വാൽകറാണ് ഈ കൊലപാതക ക്കേസുകളിലെ ആദ്യ ഇര. 2022 മേയ് 18നാണ് ശ്രദ്ധയെ പങ്കാളി അഫ്താബ് പുനവാല കൊലപ്പെടുത്തിയത്. മൃതദേഹം 35 കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുകയും ചെയ്തു.6629പേജുള്ള കുറ്റപത്രത്തിൽ ശ്രദ്ധയെ അഫ്താബ് കൊലപ്പെടുത്തിയതിനെ കുറിച്ച് വിവരിക്കുന്നുണ്ട്. മൃതദേഹം കഷണങ്ങളാക്കിയതിനു ശേഷം പുതുതായി വാങ്ങിയ ഫ്രിഡ്ജിൽ സൂക്ഷിച്ചതിനു ശേഷം പിന്നീട് പലയിടങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു. മുംബൈയിലെ കാൾ സെന്റർ ജീവനക്കാരിയായിരുന്നു ശ്രദ്ധ. 2019ൽ ഒരു ഡേറ്റിങ് ആപ്പ് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. മുംബൈയിൽ വാടക വീടെടുത്ത് ഒരുമിച്ചു താമസിച്ചതിനു ശേഷം ഡൽഹിയിലെത്തുകയായിരുന്നു. വീട്ടുചെലവിനെ ചൊല്ലിയുള്ള കാര്യങ്ങൾ ഇരുവരും പതിവായി കലഹിക്കാറുണ്ടായിരുന്നു. കൊലപാതകത്തിൽ അഫ്താബിനെ കഴിഞ്ഞ നവംബറിൽ പൊലീസ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.