ഷില്ലോങ്: മേഘാലയയിൽ ഹണിമൂൺ യാത്രക്കിടെ നവവരൻ കൊല്ലപ്പെട്ട കേസിൽ പ്രതികളായ നവവധുവിനെയും കാമുകനെയും കൊലയാളികളെയും സംഭവസ്ഥലത്തെത്തിച്ച് കൊലപാതകം പുന:രാവിഷ്കരിച്ചു. ഭർത്താവായ രാജ രഘുവംശിയെ കൊലപ്പെടുത്തിയതെങ്ങിനെയെന്ന് പ്രതിയായ സോനം രഘുവംശി പൊലീസിനോട് വിശദീകരിച്ചു. സോനം, കാമുകൻ, രാജ്സിങ് കുശ്വാഹ, സുഹൃത്തുക്കളായ ആകാശ് രാജ്പുത്, വിശാൽ സിങ് ചൗഹാൻ, ആനന്ദ് കുർമി എന്നിവരാണ് കേസിൽ പിടിയിലായത്. പ്രതികളെല്ലാം കുറ്റം സമ്മതിച്ചതായി മേഘാലയ പൊലീസ് പറഞ്ഞു.
ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിലെ വെയ് സൗഡോങ് വെള്ളച്ചാട്ടത്തിന് സമീപം ട്രക്കിങ്ങിന് പോയ സോനം മുന്നിലും രാജ പിന്നിലുമായിട്ടായിരുന്നു നടന്നത്. കാമുകൻ രാജ്സിങ് ഇവർക്ക് പിന്നിലും വിശാൽ വലതുവശത്തും ആകാശും ആനന്ദും ഇടതുവശത്തും പരിചയമില്ലാത്ത ആളുകളെ പോലെ നടക്കുന്നുണ്ടായിരുന്നു. സോനം സിഗ്നൽ നൽകിയതും പ്രതികൾ ചേർന്ന് വടിവാളു കൊണ്ട് രാജ രഘുവംശിയെ കൊലപ്പെടുത്തി. സോനം ഭർത്താവിന്‍റെ രക്തം കണ്ട് മരണം ഉറപ്പുവരുത്തി. രാജയെ കൊല്ലാൻ രണ്ട് വടിവാളുകൾ ഉപയോഗിച്ചെന്നും ഇവ കണ്ടെടുത്തെന്നും പൊലീസ് പറഞ്ഞു.
രാജ രഘുവംശി കൊലപാതക കേസിൽ നവവധുവിനെ പൊലീസ് സംശയിക്കാൻ കാരണമായത് ഇവർ താമസിച്ച ഹോംസ്റ്റേയിൽ മറന്നുവെച്ച താലിമാലയും വിവാഹമോതിരവും. ഭർത്താവ് രാജ രഘുവംശി കൊല്ലപ്പെടുകയും ഭാര്യ സോനത്തെ കാണാതാവുകയും ചെയ്തിരുന്നു. കൊലക്ക് പിന്നിൽ സോനം ആണോയെന്ന നിഗമനത്തിൽ പൊലീസ് എത്തവേയാണ് ഒളിവിൽ കഴിയുകയായിരുന്ന സോനം വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെടുന്നതും ഇതുവഴി അറസ്റ്റിലാകുന്നതും. സോനം കുറ്റംസമ്മതിച്ചതായാണ് പൊലീസ് നൽകുന്ന വിവരം.
നവദമ്പതികളെ മേയ് 23ന് കാണാതായതോടെ പൊലീസ് അന്വേഷണം സജീവമാക്കിയിരുന്നു. ചിറാപുഞ്ചിയിലെ സൊഹ്‌റ പ്രദേശത്താണ് ഇരുവരെയും അവസാനമായി കണ്ടത്. ആരെങ്കിലും ആക്രമിക്കാനോ അപകടത്തിൽപെട്ടതാകാനോ ആവാം സാധ്യതയെന്നായിരുന്നു പൊലീസിന്‍റെ കണക്കുകൂട്ടൽ. കാണാതായി 11 ദിവസങ്ങൾക്ക് ശേഷം ജൂൺ രണ്ടിന് സൊഹ്‌റയിലെ വീസവ്‌ഡോങ് വെള്ളച്ചാട്ടത്തിനടുത്തുള്ള മലയിടുക്കിൽ നിന്ന് രാജ രഘുവംശിയുടെ മൃതദേഹം കണ്ടെത്തി. എന്നാൽ, സോനത്തെ കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല.
ഇരുവരും അവസാനമായി താമസിച്ച സൊഹ്‌റയിലെ ഹോംസ്റ്റേയിൽ പൊലീസ് അന്വേഷണം നടത്തിയപ്പോൾ നിർണായക വിവരങ്ങൾ ലഭിച്ചു. ഒരു പെട്ടിയിൽ സോനത്തിന്‍റെ താലിമാലയും വിവാഹമോതിരവും മറന്നുവെച്ച നിലയിൽ കണ്ടെത്തി. സാധാരണഗതിയിൽ നവവധു ഇവ രണ്ടും എപ്പോഴും അണിയുന്ന ആഭരണങ്ങളാണ്. ഇവ രണ്ടും പ്രത്യേക പെട്ടിയിലാക്കി സൂക്ഷിക്കുകയും അത് മറന്നുപോകുകയും ചെയ്യണമെങ്കിൽ അതിന് പിന്നിൽ എന്തെങ്കിലും കാരണമുണ്ടാകുമെന്ന നിഗമനത്തിൽ പൊലീസ് എത്തുകയായിരുന്നെന്ന് മേഘാലയ ഡി.ജി.പി ഐ. നോറങ് പറഞ്ഞു. ഇതോടെയാണ് പൊലീസ് സോനത്തെയും സംശയിക്കുന്നവരുടെ പട്ടികയിൽപെടുത്തിയത്.
രാജ രഘുവംശിയെ കൊല്ലാൻ കാമുകനുമായി ചേർന്ന് മൂന്ന് സുഹൃത്തുക്കളെ സോനം വാടകക്കെടുക്കുകയായിരുന്നെന്നാണ് പൊലീസ് കണ്ടെത്തിയത്. മൂവരും ചേർന്ന് സോനത്തിന്‍റെ മുന്നിൽവെച്ച് രാജയെ കൊല്ലുകയായിരുന്നു. കാമുകനും പ്രതികളിലൊരാളുമായ രാജ കുശ്‍വാഹയോടൊപ്പം ജീവിക്കാൻ വേണ്ടിയാണ് ഭർത്താവിനെ കൊലപ്പെടുത്താൻ സോനം പദ്ധതിയിട്ടത്. അറസ്റ്റിലായ പ്രതികളെല്ലാം കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
സോനത്തിന്റെ പിതാവിന്റെ ഫാക്ടറിയിലെ ജീവനക്കാരനാണ് കാമുകനായ രാജ കുശ്‍വാഹ. ഫാക്ടറിയിൽ സന്ദർശനത്തിനെത്തുന്ന വേളയിലാണ് തന്നേക്കാൾ അഞ്ചു വയസ്സിന് ഇളയവനായ കുശ്‍വാഹയുമായി സോനം പ്രണയത്തിലായതെന്ന് പൊലീസ് പറയുന്നു.
ഭർത്താവിന്റെ കൊലയ്ക്ക് ശേഷം യു.പി.യിലെ ഗാസിപൂരിൽ ഒളിവിൽ കഴിയുകയായിരുന്നു സോനം. വാരണാസി-നാന്ദ്ഗഞ്ച് ഹൈവേയിലെ ഒരു ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചശേഷം സോനം ഹോട്ടൽ ഉടമയുടെ ഫോൺ വാങ്ങി സ്വന്തം സഹോദരനെ വിളിക്കുകയായിരുന്നു. സഹോദരൻ ഗോവിന്ദ് ഈ വിവരം പൊലീസിന് കൈമാറി. തുടർന്നാണ് യു.പി പൊലീസുമായി ബന്ധപ്പെട്ട് സോനത്തെ അറസ്റ്റ് ചെയ്തത്.
മേയ് 11നായിരുന്നു മധ്യപ്രദേശിലെ ഇൻഡോർ സ്വദേശികളായ രാജയുടെയും സോനത്തിന്റെയും വിവാഹം. ശ്രീലങ്കയിലേക്ക് മധുവിധു യാത്ര പോകാനായിരുന്നു രാജാ രഘുവംശി തുടക്കത്തിൽ പദ്ധതിയിട്ടിരുന്നത്. എന്നാൽ, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് പോകാൻ സോനം ഭർത്താവിനെ പ്രേരിപ്പിക്കുകയായിരുന്നു. കൊലയാളികളെ ഒരുക്കിനിർത്തി ഭർത്താവിന്റെ ജീവനെടുക്കാനായിരുന്നു ആ നീക്കം.
രാജ രഘുവംശിയെ കൊന്നവർക്ക് സോനം 20 ലക്ഷം രൂപ നല്‍കിയതായി പൊലീസ് പറഞ്ഞു. ആദ്യ ഗഡുവായി 15,000 രൂപയാണ് സോനം കൊലയാളികള്‍ക്ക് കൈമാറിയത്. കൊല നടക്കുമ്പോൾ ഈ പണം ഭർത്താവിന്‍റെ പഴ്സിൽനിന്നാണ് യുവതി എടുത്തതെന്നും പൊലീസ് വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.