ചണ്ഡീഗഢ്: ബൈക്ക് നിർത്തിയിട്ടതുമായുണ്ടായ തർക്കത്തെ തുടർന്ന് അയൽവാസിയുടെ മർദനമേറ്റ് ശാസ്ത്രജ്ഞൻ മരിച്ചു. മൊഹാലിയിലെ ഐസറിലെ സയന്റിസ്റ്റായ അഭിഷേക് സ്വർണകർ ആണ് മരിച്ചത്. ഇദ്ദേഹം വാടകക്ക് താമസിക്കുന്ന വീടിനു പുറത്ത് ബൈക്ക് നിർത്തിയിട്ടതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. അഭിഷേകും അയൽവാസിയും തമ്മിൽ വാക്തർക്കമുണ്ടാവുകയും അയൽവാസി ഇദ്ദേഹത്തെ പിടിച്ചു നിലത്തേക്ക് തള്ളുകയുമായിരുന്നു. നിലത്തുവീണ അഭിഷേകിനെ അയൽവാസി തുടരെ തുടരെ മർദിക്കുകയും ചെയ്തു.
പശ്ചിമ ബംഗാൾ സ്വദേശിയാണ് അഭിഷേക്. അടുത്തിടെ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയക്ക്‍ വിധേയനായിരുന്നു ഇദ്ദേഹം. ഡയാലിസിസ് ചെയ്യുന്നുമുണ്ട്. മർദനത്തിൽ ഇദ്ദേഹത്തിന്റെ അവസ്ഥ ഗുരുതരമാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. ആ പ്രദേശത്ത് താമസിക്കുന്നവർ ഒരു ബൈക്കിന്റെ സമീപത്ത് നിൽക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അഭിഷേക് എന്തോ സംസാരിച്ചശേഷം ബൈക്ക് സംഭവസ്ഥലത്ത് നിന്ന് എടുത്തുമാറ്റി. നിമിഷങ്ങൾക്കകം അവിടെ താമസിക്കുന്നവർ അഭിഷേകിനെ വളയുകയായിരുന്നു. അയൽക്കാരിലൊരാൾ ഇദ്ദേഹത്തെ നിലത്തേക്ക് തള്ളിയിട്ടു. തുടർന്ന് മർദിക്കാൻ തുടങ്ങി. ഇരുവരുടെയും കുടുംബാംഗങ്ങൾ തർക്കത്തിൽ ഇടപെട്ടു. എന്നാൽ എഴുന്നേറ്റ് നിൽക്കാൻ ശ്രമിച്ച അഭിഷേക് പെട്ടെന്ന് നിലത്തേക്ക് തന്നെ കുഴഞ്ഞു വീഴുകയായിരുന്നു. ഇത്കണ്ടയുടൻ അവിടെ കൂടി നിന്നവരെല്ലാം സ്ഥലംവിട്ടു. അഭിഷേകിന്റെ ആരോഗ്യനില മോശമായി.
പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. അഭിഷേകിനെ മർദിച്ച അയൽവാസി ഒളിവിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.