സ്കൂളിലേക്ക് അനുവദിച്ച അരി സ്വകാര്യ ഗോഡൗണിൽനിന്ന് പിടികൂടിയപ്പോൾ
മണ്ണാർക്കാട്: സ്കൂൾ കുട്ടികളുടെ ഉച്ചക്കഞ്ഞിക്കുള്ള അരി സ്വകാര്യ ഗോഡൗണിൽനിന്ന് പിടികൂടി. 30 ചാക്ക് അരിയാണ് കുമരംപുത്തൂർ പോത്തോഴികാവ് റോഡിലുള്ള പി.കെ സ്റ്റോറിന്റെ ഉടമസ്ഥതയിലുള്ള ഗോഡൗണിൽനിന്ന് പിടികൂടിയത്. കോട്ടോപ്പാടം പഞ്ചായത്തിലെ തിരുവിഴാംകുന്നിലുള്ള സ്കൂളിലേക്ക് അനുവദിച്ച അരിയാണിതെന്ന് മണ്ണാർക്കാട് പൊലീസ് പറഞ്ഞു.
സ്കൂളിൽനിന്ന് അനധികൃതമായി അരി കടത്തുന്ന വിവരം ലഭിച്ച പൊലീസ് വാഹനം പിന്തുടർന്ന് ഗോഡൗണിൽവെച്ച് പിടികൂടുകയായിരുന്നു. വാഹനവും ഡ്രൈവർ ഷഫീജിനെയും പിടികൂടി. ഇത്തരത്തിൽ സ്കൂളുകളിൽനിന്നും റേഷൻകടകളിൽനിന്നും അരി എത്താറുണ്ടെന്നും പിന്നീട് ഇത് പാക്കിങ് മാറ്റി പൊതുവിപണിയിൽ എത്തിക്കാറാണെന്നുമാണ് പൊലീസിന് ലഭിച്ച വിവരം. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് മണ്ണാർക്കാട് എസ്.ഐ എം. സുനിൽ പറഞ്ഞു.
എസ്.ഐ അഭിലാഷ്, പൊലീസുകാരായ ജയകൃഷ്ണൻ, ഷഫീഖ്, ദാമോദരൻ, നസീം, സുധീഷ് കുമാർ, പ്രസാദ്, രമേശ്, ബിന്ദു എന്നിവരടങ്ങുന്ന സംഘമാണ് അരി പിടികൂടിയത്. സ്കൂളുകളിലേക്ക് ഒലവക്കോട് എഫ്.സി.ഐ ഗോഡൗണിൽനിന്ന് നേരിട്ട് നൽകുന്ന അരിയാണിതെന്ന് സ്ഥലത്തെത്തിയ പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. സപ്ലൈ ഓഫിസർ ഷാജഹാൻ തയ്യിൽ, റേഷനിങ് ഇൻസ്പെക്ടർ മുജീബ് എന്നിവർ സ്ഥലത്തെത്തി. സംഭവം സംബന്ധിച്ച് കലക്ടർക്ക് റിപ്പോർട്ട് നൽകുമെന്നും തുടർ നടപടികൾ എടുക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.