തേഞ്ഞിപ്പലം: പള്ളിക്കല്‍ കാവുംപടിയിൽ ധനകാര്യസ്ഥാപനത്തിന്റെ ഷട്ടര്‍ പൂട്ട് പൊളിച്ച് കവര്‍ച്ച നടത്താന്‍ ശ്രമിച്ച കേസില്‍ തേഞ്ഞിപ്പലം പൊലീസ് ശാസ്ത്രീയ അന്വേഷണം തുടങ്ങി. കാവുംപടിയിലെ ചെറുകാവ് സുവർണനിധി ഓഫിസില്‍ തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് കവര്‍ച്ചാശ്രമമുണ്ടായത്. ചൊവ്വാഴ്ച മലപ്പുറത്ത് നിന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കാര്യമായ തെളിവുകളൊന്നും ലഭിച്ചില്ല.
സ്ഥാപനത്തിന്റെ ഷട്ടര്‍ പൂട്ട് തല്ലി തകര്‍ക്കുന്ന ശബ്ദം കേട്ട് പരിസരവാസികള്‍ സംഘടിച്ചെത്തിയതോടെ മോഷ്ടാക്കള്‍ കാറില്‍ കയറി കുറിയേടം ഭാഗത്തേക്ക് രക്ഷപ്പെടുകയായിരുന്നു. സ്ഥാപനത്തിലെയും പരിസരത്തെയും പത്തിലധികം സി.സി.ടി.വി കാമറകൾ പരിശോധിച്ചതില്‍ കാര്‍ കടന്നുപോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. എന്നാല്‍ ദൃശ്യങ്ങള്‍ വ്യക്തമല്ലാത്തതിനാല്‍ നമ്പറും മറ്റ് വിശദാംശങ്ങളും ലഭ്യമായിട്ടില്ല. അതിനാല്‍ കൂടുതല്‍ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.
ഓഫിസ് ഷട്ടറിന്റെ രണ്ട് പൂട്ടുകളും മുകള്‍ ഭാഗത്തായി ചുമരില്‍ സ്ഥാപിച്ച സി.സി.ടി.വി കാമറകളും മോഷ്ടാക്കൾ തല്ലിതകര്‍ത്തിട്ടുണ്ട്. ഓഫിസിന് സമീപത്തെ വീട്ടിലെ സി.സി.ടി.വി കാമറ അടര്‍ത്തി മാറ്റി നശിപ്പിച്ചിട്ടുമുണ്ട്. പ്രദേശത്തെ ഒരു വീട്ടിലെ കാമറയിൽ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞെങ്കിലും ഇരുട്ടായതിനാല്‍ വ്യക്തമായി മനസ്സിലാകാത്ത അവസ്ഥയാണ്.
കേസില്‍ രണ്ടുദിവസത്തിനകം വഴിതിരിവുണ്ടാകുമെന്ന് തേഞ്ഞിപ്പലം സി.ഐ കെ.ഒ. പ്രദീപ് പറഞ്ഞു. ഐക്കരപ്പടിയിലെ ചെറുകാവ് നിധി ലിമിറ്റഡിന് കീഴിലുള്ളതാണ് ധനകാര്യസ്ഥാപനം.\
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.