പിടിയിലായ പ്രതികൾക്കൊപ്പം ഡൽഹി സൈബർ പൊലീസ്
ന്യൂഡൽഹി: പ്രസിദ്ധമായ നെറ്റ്ഫ്ളിക്സ് സീരീസായ മണി ഹീസ്റ്റിലെ കഥാപാത്രങ്ങളാണ് പ്രൊഫസറും അമാൻഡയും ഫ്രെഡ്ഡിയും. ബുധനാഴ്ച ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത തട്ടിപ്പുസംഘവും ഇതേ പേരുകളിലാണ് പ്രവർത്തിച്ചിരുന്നത്. മണി ഹീസ്റ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട സംഘം തട്ടിപ്പുകളിലൂടെ കൈക്കലാക്കിയത് 170 കോടിയിലധികം രൂപയാണ്.
ഡൽഹി സ്വദേശികളായ അർപിത്, പ്രഭാത്, അബ്ബാസ് എന്നിവരാണ് ബുധനാഴ്ച പിടിയിലായത്. ഓഹരിവിപണിയിൽ വൻലാഭങ്ങൾ വാഗ്ദാനം ചെയ്ത് നിക്ഷേപകരിൽ നിന്ന് 150 കോടിയാണ് സംഘം തട്ടിയെടുത്തത്. അഭിഭാഷകൻ കൂടിയായ അർപിത് ‘പ്രൊഫസർ’ എന്നാണ് അറിയപ്പെട്ടിരുന്നത്. കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദധാരിയായ പ്രഭാത് ബാച്പേയി അമാൻഡ എന്നപേരിലും, അബ്ബാസ് ഫ്രെഡ്ഡി എന്നപേരിലുമാണ് സംഘത്തിൽ പ്രവർത്തിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
വാട്സാപ്പടക്കം സമൂഹമാധ്യമങ്ങളിൽ ഡസൻ കണക്കിന് പ്രൈവറ്റ് ഗ്രൂപ്പുകൾ രൂപീകരിച്ചായിരുന്നു സംഘത്തിന്റെ പ്രവർത്തനം. ഓഹരിവിപണിയിൽ നിക്ഷേപവുമായി ബന്ധപ്പെട്ട് നിർദേശങ്ങൾ നൽകുകയാണ് സംഘം ചെയ്യുക. തുടർന്ന്, ചെറിയ ലാഭങ്ങൾ ഉണ്ടാക്കി നൽകുന്നോടെ ആളുകളുടെ വിശ്വാസം പിടിച്ചുപറ്റും. പിന്നാലെ, വലിയ തുക നിക്ഷേപിക്കുന്നതോടെ ഇരയുടെ അക്കൗണ്ട് സംഘം ബ്ളോക്ക് ചെയ്ത് പണം കൈക്കലാക്കും.
പണം തിരികെ ആവശ്യപ്പെടുന്നവരോട് കൂടുതൽ പണം നിക്ഷേപിച്ചാൽ മാത്രമേ ലഭിക്കൂ എന്ന് ഭീഷണിപ്പെടുത്തി വീണ്ടും പണം തട്ടിയെടുക്കുന്നതും ഇവരുടെ രീതിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 300 പേരിൽ നിന്ന് 150 കോടിയോളമാണ് സംഘം ഇങ്ങനെ തട്ടിയെടുത്തത്.
ആഢംബര ഹോട്ടലുകളിലായിരുന്നു പതിവായി സംഘത്തിന്റെ താമസം. വ്യാപകമായ പരാതികളെ തുടർന്ന് യു.പിയിലെ നോയ്ഡയിലും പശ്ചിമ ബംഗാളിലെ സിലിഗുരിയിലും നിരവധി റെയ്ഡുകളാണ് പൊലീസ് നടത്തിയത്. 11 മൊബൈൽ ഫോണുകൾ, 17 സിംകാർഡുകൾ, 12 ബാങ്ക് പാസ്ബുക്കുകൾ, ചെക്ക്ബുക്കുകൾ, 32 ഡെബിറ്റ് കാർഡുകൾ, നിരവധി പണമിടപാടുകളുടെ സ്ക്രീൻഷോട്ടുകൾ, വാട്സപ്പ് സന്ദേശങ്ങൾ എന്നിവ പരിശോധനകളിൽ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
ഇതിനെല്ലാം പുറമെ, ഓൺലൈനിൽ ആൾമാറാട്ടം നടത്തി 23 കോടി സംഘം തട്ടിയെടുത്തതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പണമിടപാടുകളും കോൾ, ഇന്റർനെറ്റ് രേഖകളും പരിശോധിച്ച പൊലീസ് തട്ടിപ്പുകാർക്ക് അന്താരാഷ്ട്ര ബന്ധമുള്ളതായും സംശയിക്കുന്നുണ്ട്.
ചൈന കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തട്ടിപ്പ് ശൃംഘല ഇവർ ഉപയോഗിച്ചിരുന്നതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അന്വേഷണം നടത്തിവരികയാണെന്നും കൂടുതൽ ആളുകൾ വരും ദിവസങ്ങളിൽ അറസ്റ്റിലായേക്കുമെന്നും ഡൽഹി പൊലീസ് വ്യക്തമാക്കി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.