മു​ഹ​മ്മ​ദ് ഷി​ഹാ​ബ്

റംലാ ബീവി വധം: പ്രതിക്ക് ജീവപര്യന്തവും, 35000 രൂപ പിഴയും

പത്തനംതിട്ട: പഴകുളം പടിഞ്ഞാറ് യൂനുസ് മൻസിലിൽ യൂസഫിന്റെ ഭാര്യ റംലാ ബീവിയെ (42) കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്. പത്തനംതിട്ട കുമ്പഴ കുലശേഖരപേട്ട മൗതണ്ണൻ പുരയിടത്തിൽ മുഹമ്മദ് ഷിഹാബിനെയാണ് പത്തനംതിട്ട അഡീഷനൽ സെഷൻസ് കോടതി ശിക്ഷിച്ചത്. ഐ.പി.സി 302 പ്രകാരം ജീവപര്യന്തം തടവും 25,000 രൂപ പിഴയും, ഐ.പി.സി 397, 454 പ്രകാരം ഏഴുവർഷം വീതം തടവും 10000 രൂപ വീതം പിഴയുമാണ് ശിക്ഷ. തടവ് ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന് ജഡ്ജി പി.പി. പൂജ ഉത്തരവിൽ വ്യക്തമാക്കി.

2013 മാര്‍ച്ച് 11നായിരുന്നു സംഭവം. റംലാബീവിയുമായും ഭർത്താവുമായും പരിചയമുണ്ടായിരുന്ന പ്രതി പഴകുളത്തെ വീട്ടിലെത്തി സ്വർണാഭരണങ്ങൾ ആവശ്യപ്പെടുകയും വിസമ്മതിച്ചപ്പോൾ കഴുത്തിൽ കത്തികൊണ്ടു വെട്ടി കൊലപ്പെടുത്തി ആഭരണങ്ങൾ കവരുകയുമായിരുന്നു എന്നാണ്‌ പ്രോസിക്യൂഷൻ കേസ്. ദൃക്‌സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യ, ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.

കവർന്ന ആഭരണങ്ങൾ കുമ്പഴയിലെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ പണയം വെച്ചു. അവശേഷിച്ചവ പ്രതി ഉപയോഗിച്ച പെട്ടി ഓട്ടോയിൽ സൂക്ഷിച്ചു. അടൂർ സി.ഐ ആയിരുന്ന ടി. മനോജാണ് അന്വേഷണം നടത്തിയത്. പണയം വെച്ച ആഭരണങ്ങളും പെട്ടി ഓട്ടോയിൽ ഒളിപ്പിച്ച സ്വർണാഭരണങ്ങളും പ്രതിയുടെ ഭാര്യവീട്ടിൽ ഒളിപ്പിച്ച ആയുധവും കണ്ടെത്തിയിരുന്നു.

പ്രോസിക്യൂഷൻ 44 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷനുവേണ്ടി സർക്കാർ പ്രത്യേകം നിയോഗിച്ച സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. എസ്. അജിത് പ്രഭാവ്, അഭിഭാഷകരായ ജിത്തു എസ്. നായർ, യദു കൃഷ്ണൻ, കെവിൻ ജയിംസ്, എം.എസ്. മാളവിക, കെ.ബി. അഭിജിത് എന്നിവര്‍ ഹാജരായി.

Tags:    
News Summary - Ramla Beevi murder: Defendant gets life sentence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.