കോഴിക്കോട്: ഗവ. മെഡിക്കൽ കോളജിൽ ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥികളെ റാഗ് ചെയ്തെന്ന പരാതിയിൽ 11 രണ്ടാം വർഷ വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. പ്രിൻസിപ്പൽ നിയോഗിച്ച അഞ്ചംഗ സമിതിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. തുടർനടപടികൾക്കായി പരാതി മെഡിക്കൽ കോളജ് പൊലീസിനു കൈമാറി.
കോളജ് ഹോസ്റ്റലിലാണ് ജൂനിയർ വിദ്യാർഥികളെ സീനിയർ വിദ്യാർഥികൾ റാഗ് ചെയ്തത്. ജൂനിയർ വിദ്യാർഥികൾക്ക് സീനിയർ വിദ്യാർഥികളിൽനിന്ന് മാനസിക -ശാരീരിക ഉപദ്രവമുണ്ടായെന്നാണ് പരാതി. കഴിഞ്ഞ ആഴ്ച നടന്ന സംഭവം രക്ഷിതാക്കളുടെ വാട്സ്ആപ് ഗ്രൂപ്പിൽ ചർച്ചയായിരുന്നു. തുടർന്ന് പ്രിൻസിപ്പൽ ഡോ. കെ.ജി. സജീത്ത് കുമാർ അനാട്ടമി വിഭാഗം മേധാവിയുടെ നേതൃത്വത്തിലുള്ള സമിതിയെ അന്വേഷണത്തിനു നിയോഗിക്കുകയായിരുന്നു. നടപടിക്കു വിധേയരായ വിദ്യാർഥികളുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി പരാതിയെക്കുറിച്ചും ഇതുപ്രകാരം കുട്ടികൾക്കെതിരെ സ്വീകരിച്ച നടപടിയെക്കുറിച്ചും ബോധ്യപ്പെടുത്തിയതായും മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.
ജൂനിയർ വിദ്യാർഥികളുടെ സുരക്ഷക്കായി കഴിഞ്ഞ മാസം വരെ നാല് സുരക്ഷ ജീവനക്കാരെ പ്രത്യേകം നിയോഗിച്ചിരുന്നു. ഇത് പിൻവലിച്ച ശേഷമാണ് റാഗിങ് പരാതി ഉയർന്നത്. കോളജിന്റെ ആന്റി റാഗിങ് കമ്മിറ്റി യോഗം ഉടനെ ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.