വിരാർ: മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ അനധികൃത ക്വാറികൾക്കെതിരെ വർഷങ്ങളായി പൊരുതിയിരുന്ന സാമൂഹിക പ്രവർത്തകനെ ഖനന മാഫിയ സംഘം ക്രൂരമായി മർദിച്ചു കൊലപ്പെടുത്തി. വിരാർ ഈസ്റ്റിലെ ഷിർഗാവ് സ്വദേശിയായ ആത്മാറാം പാട്ടീൽ (54) ആണ് കൊല്ലപ്പെട്ടത്. റവന്യൂ ഉദ്യോഗസ്ഥർക്കൊപ്പം അനധികൃത ക്വാറികളിൽ പരിശോധന നടത്തുന്നതിനിടെ ഒരു സംഘം ഗുണ്ടകൾ ഇയാളെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ഗാഡ്‌ഗപാഡ ഗ്രാമത്തിലായിരുന്നു സംഭവം. അനധികൃത കല്ല് ക്വാറികളെക്കുറിച്ച് സർക്കാരിൽ പരാതി നൽകിയതിനെത്തുടർന്ന് ലോക്കൽ സർക്കിൾ ഓഫിസർ പ്രഭാകറിനൊപ്പം പരിശോധനയ്ക്ക് എത്തിയതായിരുന്നു ആത്മാറാം. ഉദ്യോഗസ്ഥർ നടപടി തുടങ്ങിയതോടെ ഇരുമ്പു വടികളുമായി എത്തിയ സംഘം ഇരുവരെയും ആക്രമിച്ചു. സർക്കിൾ ഓഫിസറെ മർദിച്ച ശേഷം ആത്മാറാമിനെ വളഞ്ഞ അക്രമിസംഘം കല്ലുകൊണ്ട് തല തകർത്ത് കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഉദ്യോഗസ്ഥൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
കഴിഞ്ഞ 15 വർഷമായി പ്രദേശം ഭരിക്കുന്ന ഖനന മാഫിയക്കെതിരെ നിയമപോരാട്ടം നടത്തുന്ന വ്യക്തിയാണ് ആത്മാറാം. അനധികൃത ഖനനം മൂലം പരിസ്ഥിതി നശിക്കുന്നതിനെതിരെ ഇദ്ദേഹം കോടതിയിൽ ഹരജി നൽകിയിരുന്നു. മുമ്പും രണ്ട് തവണ ഇദ്ദേഹത്തിന് നേരെ വധശ്രമം ഉണ്ടായതായി ബന്ധുക്കൾ പറഞ്ഞു. തന്റെ പിതാവിനെ ക്വാറി ഉടമയായ ഭാൽചന്ദ്ര പാട്ടീലും മകനും ചേർന്ന് ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് ആത്മാറാമിന്റെ മകൻ ഹേമന്ത് ആരോപിച്ചു.
സാമൂഹിക പ്രവർത്തകന് സുരക്ഷ നൽകുന്നതിൽ പൊലീസ് പരാജയപ്പെട്ടുവെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കി. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ ഷിർഗാവ് മേഖലയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. സർക്കാർ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ നടന്ന ഈ ക്രൂരമായ കൊലപാതകം മഹാരാഷ്ട്രയിലെ ക്രമസമാധാന നിലയെക്കുറിച്ചുള്ള വലിയ ചോദ്യങ്ങൾ ഉയർത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.