പഞ്ചാബി ഗായകൻ ഹർബീർ സിങ് സോഹലും കൂട്ടാളിയും ഖന്ന പോലീസിന്റെ കസ്റ്റഡിയിൽ (ചിത്രം: ട്രിബ്യൂൺ ഫോട്ടോ)
ചണ്ഡീഗഢ്: ആസ്‌ട്രേലിയ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ലഹരിമരുന്ന് ശൃംഖലയുമായി ബന്ധമുള്ള പ്രമുഖ പഞ്ചാബി ഗായകൻ ഹർബീർ സിങ് സോഹൽ അറസ്റ്റിൽ. ഇയാളുടെ മഹീന്ദ്ര ഥാർ എസ്.യു.വി വാഹനത്തിൽ നിന്ന് 5 കിലോ ഹെറോയിനും ഒന്നര ലക്ഷം രൂപയും പൊലീസ് പിടിച്ചെടുത്തു. തിങ്കളാഴ്ചയാണ് ലഹരിമരുന്ന് കടത്തിലെ പ്രധാന 'കൊറിയർ' ആയ ഗായകനെ പൊലീസ് വലയിലാക്കിയത്.
കഴിഞ്ഞ മാർച്ച് 7ന് ലുധിയാന സ്വദേശിയായ അക്ഷയ് കുമാർ എന്നയാൾ ലഹരിമരുന്നുമായി പിടിയിലായതോടെയാണ് ഈ വൻ സംഘത്തെക്കുറിച്ചുള്ള അന്വേഷണത്തിന് പൊലീസ് തുടക്കമിട്ടത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഷിംലാപുരി സ്വദേശികളായ വിശാൽ, സഞ്ജീവ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നാണ് ലഹരിമരുന്ന് വിതരണ ശൃംഖലയിലെ പ്രധാനിയായ ഗായകൻ ഹർബീർ സിങ് സോഹലിന്റെ പങ്കിനെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. അമൃത്‌സർ സ്വദേശിയായ സോഹൽ നിലവിൽ മൊഹാലിയിലാണ് താമസിച്ചിരുന്നത്.
നിലവിൽ ആസ്‌ട്രേലിയയിലുള്ള ഗുർജന്ത് സിങ് എന്നയാളുടേതാണ് പിടിച്ചെടുത്ത ഹെറോയിൻ എന്ന് ചോദ്യം ചെയ്യലിൽ സോഹൽ സമ്മതിച്ചു. ആസ്‌ട്രേലിയയിലിരുന്നാണ് ജാന്ത ഈ അന്താരാഷ്ട്ര ലഹരി ശൃംഖലയ്ക്ക് ആവശ്യമായ പണവും നിർദേശങ്ങളും നൽകുന്നത്. പഞ്ചാബിലുള്ള ഇയാളുടെ കൂട്ടാളികളാണ് ലഹരിമരുന്ന് സ്വീകരിക്കുന്നതും വിതരണം ചെയ്യുന്നതും.
കുപ്രസിദ്ധ ഗ്യാങ്സ്റ്റർ ജയ്പാൽ ഭുള്ളറുടെ പേരും ഈ കേസുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുണ്ട്. ലഹരിമരുന്ന് വിൽപനയിലൂടെ ലഭിക്കുന്ന പണം വൻകിട ക്രിമിനൽ പ്രവർത്തനങ്ങൾക്കും ഗുണ്ടാസംഘങ്ങൾക്കും വേണ്ടിയാണോ ഉപയോഗിക്കുന്നത് എന്ന കാര്യമാണ് അന്വേഷണ ഏജൻസികൾ ഇപ്പോൾ പരിശോധിക്കുന്നത്. പ്രതികളുടെ വിദേശബന്ധങ്ങളെക്കുറിച്ചും ബാങ്ക് ഇടപാടുകളെക്കുറിച്ചും പൊലീസ് അന്വേഷണം ഊർജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.