പ്രതീകാത്മക ചിത്രം
പൂണെ: ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഇരുമ്പുപെട്ടിയിൽ കത്തിച്ച് ചാരം പുഴയിലൊഴുക്കിയ യുവ വ്യവസായി പിടിയിൽ. പൂണെയിലെ വാർജെ മാൽവാഡിയിലാണ് സംഭവം.
അരുംകൊലക്ക് പിന്നാലെ ഭാര്യയെ കാണാനില്ലെന്ന് ഇയാൾ പൊലീസിൽ പരാതി നൽകി. പിന്നാലെ ഇയാളുടെ മൊഴി രേഖപ്പെടുത്തുന്നതിനിടയിൽ പൊലീസിന് തോന്നിയ സംശയവും പിന്നീട് നടത്തിയ അന്വേഷണവുമാണ് ഞെട്ടിപ്പിക്കുന്ന കുറ്റകൃത്യം പുറത്തുകൊണ്ടുവന്നത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: വാർജെ മാൽവാഡിയിൽ ഫാബ്രിക്കേഷൻ ബിസിനസ് നടത്തുന്ന 42കാരൻ ഒക്ടോബർ 28നാണ് ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഭാര്യയെ ഒക്ടോബർ 26ന് വാർജെയിൽ നിന്ന് കാണാതായെന്നായിരുന്നു ഇയാൾ പരാതിയിൽ പറഞ്ഞത്.
പിന്നീട്, പരാതിയനുസരിച്ച് മൊഴി രേഖപ്പെടുത്താൻ പൊലീസ് ഇയാളെ വീണ്ടും വിളിപ്പിച്ചു. മൊഴിയിൽ ഭാര്യയെ കാണാതായ സ്ഥലം ഇയാൾ മാറ്റിപ്പറഞ്ഞതോടെ പൊലീസിന് ദുരൂഹത മണത്തു. ഇത്തവണ പൂണെ -ബെംഗളുരു ഹൈവേയിൽ നിന്നാണ് ഭാര്യയെ കാണാതായതെന്നായിരുന്നു ഇയാളുടെ മൊഴി. പിന്നീട്, കൊലപാതകത്തിന് കേസെടുത്ത വാർജെ മാൽവാഡി പൊലീസ് ഇയാളുടെ മൊഴിയനുസരിച്ച് അന്വേഷണം രാജ്ഗഡ് പൊലീസിന് കൈമാറി. എങ്കിലും, മൊഴികളിലെ വൈരുദ്ധ്യം സംബന്ധിച്ച് വാർജെ മാൽവാഡി പൊലീസ് അന്വേഷണം തുടർന്നു.
സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളും ഫോൺ രേഖകളും പൊലീസ് പരിശോധിച്ചു. പിന്നാലെ, നടന്ന ചോദ്യം ചെയ്യലിൽ പ്രതി കുറ്റമേറ്റുപറയുകയായിരുന്നു. ഇയാളുടെ ഭാര്യ സ്വകാര്യ സ്കൂൾ അധ്യാപികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മറ്റൊരാളുമായി ഭാര്യയുടെ സ്വകാര്യ ചാറ്റുകൾ ഇയാൾ കണ്ടിരുന്നു. തുടർന്ന്, ആ ബന്ധം ഉപേക്ഷിക്കണമെന്ന് ഇയാൾ ഭാര്യയോട് നിർദേശിച്ചു. എന്നാൽ തുടർന്നും യുവതി ബന്ധം തുടരുന്നതായി സംശയം ഉടലെടുത്തതോടെ ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു.
തുടർന്ന്, കൊലപാതകം പദ്ധതിയിടാനായി കുറ്റകൃത്യങ്ങൾ വിവരിക്കുന്ന നോവലുകളും സിനിമകളും ഇയാൾ തെരഞ്ഞുപിടിച്ച് കണ്ടു. തുടർന്ന് ഷിൻഡേവാഡിക്ക് സമീപം പ്രധാന പാതയിൽ നിന്ന് മാറി 18,000 പ്രതിമാസ വാടകയിൽ യുവാവ് ഗോഡൗൺ വാടകക്ക് എടുത്തു. ഇവിടെയാണ് ഇയാൾ ഭാര്യയെ കത്തിക്കാൻ ഇരുമ്പ് പെട്ടി എത്തിച്ചത്. വിറകുകൊള്ളികളും ഇയാൾ സമർഥമായി ഇവിടെ എത്തിച്ചിരുന്നു.
ഒക്ടോബർ 26ന് ഇയാൾ ഭാര്യയെ ഉല്ലാസയാത്രയെന്ന പേരിൽ കാറിൽ കൂടെക്കൂട്ടി. ഖേഡ് ശിവാപൂരിൽ നിന്ന് തിരികെ വരുന്നതിനിടെ, ലഘുഭക്ഷണം വാങ്ങിയ ശേഷം ഗോഡൗണിൽ കയറുകയായിരുന്നു. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ ഭാര്യയുടെ കഴുത്തിൽ കയറിട്ട് കുടുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. തുടർന്ന്, മൃതദേഹം ഇരുമ്പ് പെട്ടിയിൽ ഇട്ട് കത്തിക്കുകയായിരുന്നു. പിന്നാലെ, ചാരം നദിയിൽ ഒഴുക്കി. വൃത്തിയാക്കിയ ഇരുമ്പ് പെട്ടി മറ്റൊരു വ്യാപാരിക്ക് വിറ്റ ശേഷം ഇയാൾ മടങ്ങി.
ദിവസങ്ങളോളം ബന്ധുക്കൾക്കൊപ്പം നഷ്ടപ്പെട്ട ഭാര്യയെ തിരഞ്ഞുനടന്ന ഇയാളെ ആരും സംശയിച്ചിരുന്നില്ല. ഇടക്കിടെ കേസിൽ പുരോഗതി അറിയാൻ ഇയാൾ പൊലീസ് സ്റ്റേഷനും സന്ദർശിച്ചിരുന്നതായി അധികൃതർ വ്യക്തമാക്കി. ഇയാളുടെ വീടിന്റെ പരിസരത്തുനിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങളും മൊബൈൽ കോൾ രേഖകളുമാണ് പ്രതിയെ വലയിലാക്കാൻ സഹായകമായതെന്ന് വാർജെ പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.