മുക്കടവ് ആളുകേറാ മലയിൽ മൃതദേഹം ചങ്ങലക്കിട്ട നിലയിൽ, കേസിൽ പ്രതിയെന്ന് സംശയിക്കുന്ന ആളിന്റേതായി പൊലീസ് പുറത്തുവിട്ട ചിത്രം
പുനലൂർ (കൊല്ലം): മുക്കടവ് ആളുകേറാൻ മലയിലെ പ്രമാദമായ കൊലപാതക കേസിലെ പ്രതി എന്ന് സംശയിക്കുന്ന ആളിന്റെ ചിത്രം പുനലൂർ പൊലീസ് പുറത്തുവിട്ടു. മുക്കടവിന് സമീപത്തെ പെട്രോൾ പമ്പിൽ കന്നാസുമായി നിൽക്കുന്നയാളുടെ ചിത്രം സി.സി.ടി.വി ദൃശ്യങ്ങളിലൂടെയാണ് പൊലീസിന് ലഭിച്ചത്. സെപ്റ്റംബർ 23നാണ്, ഒരാഴ്ച പഴക്കമുള്ള അജ്ഞാതനും ഇടത് കാലിന് സ്വാധീനവും ഇല്ലാത്ത മധ്യവയസ്കന്‍റെ മൃതദേഹം മരത്തിൽ ചങ്ങലയിൽ ബന്ധിച്ച നിലയിൽ കണ്ടെത്തിയത്.
സെപ്റ്റംബർ 17 ന് വൈകിട്ട് 3.18ന് കന്നാസുമായി ഒരു യുവാവ് പമ്പിൽ നിൽക്കുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. ആളെ കണ്ടെത്താൻ അന്വേഷണ സംഘം പലയിടങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനെ തുടർന്നാണ് ചിത്രം പുറത്തുവിട്ടത്. 45 വയസോളം പ്രായം തോന്നിക്കുന്ന യുവാവ് മഞ്ഞ ഷർട്ടും കാവി കൈലിയുമാണ് ധരിച്ചിരിക്കുന്നത്. ഇയാളെ തിരിച്ചറിയാൻ മുക്കടവിലും പരിസരങ്ങളിലും പൊലീസ് അന്വേഷണം നടത്തിയിരുന്നു.
രണ്ടു മാസം കഴിഞ്ഞിട്ടും കൊല്ലപ്പെട്ട ആളെ ഇനിയും തിരിച്ചറിയാൽ കഴിയാത്തതിനിടെയാണ് അന്വേഷണത്തിൽ നിർണായക വഴിത്തിരിവാകുന്ന ദൃശ്യം കണ്ടെത്താൻ പൊലീസിന് കഴിഞ്ഞത്. പെട്രോൾ ശേഖരിച്ചിരുന്ന ഒഴിഞ്ഞ വെള്ള കന്നാസ് മൃതദേഹത്തിന് സമീപത്ത് നിന്നും പൊലീസ് കണ്ടെടുത്തിരുന്നു. ഇതാണ് ഇപ്പോൾ ലഭ്യമായ ചിത്രത്തിൽ ഉള്ളയാൾ പ്രതിയാകാൻ സാധ്യത ഉള്ളതായി പൊലീസ് സംശയിക്കുന്നത്. ഒരാഴ്ച പഴക്കമുള്ള മൃതദേഹത്തിന്‍റെ ഇടത് നെഞ്ചിൽ ആഴത്തിലുള്ള മുറിവും മുഖം ഉൾപ്പെടെ ശരീരഭാഗം ഭാഗികമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു.
ആസുത്രിതവും മുമ്പ് കേട്ടിട്ടില്ലാത്ത നിലയിലുള്ളതുമായ കൊലപാതകത്തിൽ മരിച്ച ആളെ തിരിച്ചറിയാൻ കഴിയാത്തത് അന്വേഷണ സംഘത്തിന് മുന്നിൽ പ്രധാന തടസ്സമാണ്. കൊല്ലപ്പെട്ടയാളെ തിരിച്ചറിയാനായി അഞ്ച് സാമ്പിളുകൾ ഡി.എൻ.എ പരിശോധനക്ക് അയച്ചിരുന്നു. അന്വേഷണസംഘം കേരളം കൂടാതെ തമിഴ്നാട്, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും അന്വേഷണം നടത്തുന്നുണ്ട്. കൊല്ലപ്പെട്ട ആളെയോ പ്രതിയെയോ ഇതുവരെ കണ്ടെത്താനായിട്ടില്ല. മുക്കടവിലും പരിസരത്തുമായി നിരവധിപേരെ ഇതിനകം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.
ഡിവൈ.എസ്.പി ടി.ആർ. ജിജുവിന്‍റെ നേതൃത്വത്തിൽ 20 അംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. പൊലീസ് പുറത്തുവിട്ട ചിത്രത്തിലുള്ള ആളെ തിരിച്ചറിയുന്നവർ താഴെയുള്ള നമ്പറുകളിൽ അറിയിക്കണമെന്ന് പുനലൂർ എസ്.എച്ച്. ഒ എസ്.വി. ജയശങ്കർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.