തിരുവനന്തപുരം: നന്തൻകോട് കൂട്ടക്കൊലക്ക് കാരണമായത് പ്രതി കേഡല്‍ ജിന്‍സന് വീട്ടുകാരോടുള്ള വൈരാഗ്യമാണെന്ന് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ദിലീപ് സത്യൻ. പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഉള്ളതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റ് ചെയ്ത ശേഷം ഏഴ് ദിവസം പ്രതി കസ്റ്റഡിയിൽ ഉണ്ടായിരുന്നു. ആ ദിവസങ്ങളിൽ അത്തരത്തിലുള്ള സൂചനയൊന്നും ലഭിച്ചിട്ടില്ല. കുറ്റം ചെയ്ത രീതിയും തെളിവ് നശിപ്പിക്കാൻ ശ്രമിച്ച രീതിയും പരിശോധിക്കുമ്പോഴും പ്രതി മാനസിക പ്രശ്നമുള്ള ഒരാളായി തോന്നുന്നില്ലെന്നും ദിലീപ് സത്യൻ പറഞ്ഞു.
'ജയിലിൽ വെച്ച് സഹതടവുകാരനെ ആക്രമിച്ച ശേഷമാണ് പ്രതിയെ ചികിത്സക്കായി അയച്ചത്. ഡോക്ടറുടെ റിപ്പോർട്ട് അനുസരിച്ച് പ്രതിക്ക് അച്ഛനോട് പല കാരങ്ങൾ കൊണ്ടും വിരോധമുണ്ടായിരുന്നും അച്ഛൻ അമിതമായി മദ്യപിക്കുകയും ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു എന്നുമാണ് മനസിലാകുന്നത്. ഇലക്ട്രോണിക് ഡിവൈസുകളുടെ പരിശോധന ഫലങ്ങളിൽ നിന്ന് ഇവർ തമ്മിൽ വളരെക്കുറച്ച് മാത്രമേ സംസാരിക്കുള്ളു എന്ന് വ്യക്തമായി. ഭക്ഷണം കഴിച്ചോ എന്ന് ചോദിക്കുന്നത് പോലും മെസേജുകളിലൂടെയായിരുന്നു. പ്രതി ഡോക്ടറോട് സംസാരിച്ചതനുസരിച്ച് വീട്ടുകാരോടുള്ള വൈരാഗ്യമാണ് കൊലപാതകങ്ങൾക്ക് കാരണം' -ദിലീപ് സത്യൻ പറഞ്ഞു
കേസിൽ നാളെ ശിക്ഷ വിധിക്കും. തിരുവനന്തപുരം ആറാം അഡിഷനൽ സെഷൻസ് കോടതി ജഡ്ജി കെ. വിഷ്ണുവാണ് വിധി പറയുക. നന്തൻകോട് ബയിൻസ് കോമ്പൗണ്ടിൽ താമസിച്ചിരുന്ന റിട്ട. പ്രൊഫസർ രാജ തങ്കം, ഭാര്യ ഡോ. ജീൻ പദ്മം, മകൾ കാരോൾ, അന്ധയായ ആന്റി ലളിത ജീൻ എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. രാജതങ്കം- പത്മ ദമ്പതികളുടെ മകനാണ് പ്രതി.
2017 ഏപ്രിലിലാണ് കേരളത്തെ നടുക്കിയ കൂട്ടക്കൊലപാതക പരമ്പര അരങ്ങേറിയത്. എല്ലാ കൊലകളും നന്ദൻകോടുള്ള വീടിനുള്ളിൽ വച്ച് ആയിരുന്നു. അമ്മ ജീൻ പത്മത്തെയാണ് കേഡൽ ആദ്യം കൊലപ്പെടുത്തിയത്.താൻ നിർമ്മിച്ച വീഡിയോ ഗെയിം കാണിക്കാൻ എന്ന വ്യാജേന അമ്മയെ മുകളിലത്തെ കിടപ്പുമുറിയിൽ എത്തിച്ചു കസേരയിൽ ഇരുത്തിയശേഷം മഴുകൊണ്ട് തലക്കു പുറകിൽ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം കിടപ്പുമുറിയിൽ ഒളിപ്പിച്ച ശേഷം ഒന്നും സംഭവിക്കാത്ത പോലെ താഴെ എത്തിയ പ്രതി അന്ന് വൈകിട്ടോടെ അച്ഛൻ രാജ തങ്ക ത്തെയും സഹോദരി കാ രോളിനെയും അമ്മയെ കൊന്നപോലെ തലക്കു പിന്നിൽ വെട്ടി കൊലപ്പെടുത്തി. ഈ മൃതദേഹങ്ങളും ഒളിപ്പിക്കുകയും ചെയ്തു.
വീട്ടിൽ ഉണ്ടായിരുന്ന ആന്റി ലളിതയും ജോലിക്കാരിയും മറ്റുള്ളവരെപ്പറ്റി കേഡലിനോട് അന്വേഷിച്ചെങ്കിലും അവരെല്ലാം ചേർന്ന് കന്യാകുമാരിക്ക് ടൂർ പോയി എന്നായിരുന്നു മറുപടി. അടുത്ത ദിവസം രാത്രിയാണ് കേഡൽ ആന്റി ലളിതയെ കൊലപ്പെടുത്തിയത്.അമ്മ ലാൻഡ് ഫോണിൽ വിളിക്കുന്നു എന്നു കള്ളം പറഞ്ഞു മുകളിലത്തെ കിടപ്പുമുറിയിൽ എത്തിച്ചായിരുന്നു കൊല. മറ്റു കൊലകൾക്ക് ഉപയോഗിച്ച അതേ മഴു ഉപയോഗിച്ച് അതേ മാതൃകയിൽ വെട്ടി കൊന്ന ശേഷം മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ഒളിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.