ലഖ്നോ: സ്വത്ത് തർക്കത്തിന്റെ പേരിൽ യുവാവ് സഹോദരിയെയും മൂന്ന് വയസ്സുള്ള മകളെയും കൊലപ്പെടുത്തി. ഞായറാഴ്ച രാത്രി മഹേര ചുങ്കി പ്രദേശത്താണ് സംഭവം.
വിരമിച്ച ചീഫ് മെഡിക്കൽ ഓഫീസർ ലവ്കുഷ് ചൗഹാന്റെ മകൻ ഹർഷവർദ്ധനാണ് തന്റെ സഹോദരി ജ്യോതി (40) യെയും മൂന്ന് വയസ്സുള്ള മരുമകൾ താഷുവിനെയും വെടിവച്ചു കൊന്നത്.
സംഭവം നടന്ന ദിവസം വെടിയൊച്ച കേട്ട് മുറിയിലേക്ക് ഓടിയെത്തിയ വീട്ടുകാർ രക്തത്തിൽ കുളിച്ച് കിടക്കുന്ന അമ്മയെയും കുഞ്ഞിനേയുമാണ് കണ്ടത്.
സ്വന്തം മകളുടെ മുന്നിൽവെച്ചാണ് ഹർഷവർധൻ ജ്യോതിക്കും തഷുവിനും നേരെ വെടിയുതിർത്തത്. ജ്യോതിയുടെ ഭർത്താവ് രാഹുലിന് നേരെയും ഹർഷവർധൻ വെടിയുതിർത്തെങ്കിലും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ജ്യോതിയും മകളും സംഭവ സ്ഥലത്തുവെച്ചുതന്നെ കൊല്ലപ്പെട്ടു.
2019-ലാണ് ജ്യോതിയും രാഹുലും വിവാഹതിരാകുന്നത്. പിതാവിനെ പരിചരിക്കുന്നതിനായി ജ്യോതി കഴിഞ്ഞ മൂന്ന് വർഷമായി ചൗഹാനൊപ്പം താമസിച്ചു വരികയായിരുന്നു. ഭർത്താവ് രാഹുൽ ഇടയ്ക്കിടെ വീട്ടിൽ വരാറുണ്ട്.
അടുത്തിടെ ചൗഹാൻ തന്‍റെ വീടും കൃഷിയിടവും ജ്യോതിയുടെ പേരിൽ മാറ്റിയിരുന്നു. ഹർഷവർദ്ധനും ജ്യോതിയും തമ്മിൽ ഇതിനെ തുടർന്ന് നിരന്തരം പ്രശ്‌നങ്ങളുണ്ടായിരുന്നു.
സംഭവത്തിൽ ഹർഷവർദ്ധനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്ക് തോക്ക് എങ്ങനെ കിട്ടിയെന്നതടക്കം അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.