ചെന്നെ: തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ ബലാത്സംഗ ശ്രമം ചെറുത്ത യുവതിയെ ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് തള്ളിയിട്ടു. തിരുപ്പതിയിൽ നിന്ന് ആന്ധ്രപ്രദേശിലെ ചിറ്റൂരിലേക്ക് യാത്ര ചെയ്ത രേവതി(36)യാണ് കൊടും ക്രൂരകൃത്യത്തിന് ഇരയായത്. കോയമ്പത്തൂർ-തിരുപ്പതി എക്സ്പ്രസ് ട്രെയിനിലാണ് സംഭവം.
സംഭവത്തിൽ ഹേമരാജിനെ(27) പൊലീസ് അറസ്റ്റ് ചെയ്തു. രാവിലെ 6.40ഓടെയാണ് രേവതി ലേഡീസ് കംപാർട്മെന്റിൽ കയറിയത്. ആ സമയത്ത് ഏഴ് സ്ത്രീകളും യാത്രക്കാരായുണ്ടായിരുന്നു. രാവിലെ 10.15 ആയപ്പോൾ മറ്റ് സ്ത്രീകളെല്ലാം ജോലാർപെട്ടി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി. പിന്നീട് രേവതി മാത്രമാണ് ലേഡീസ് കംപാർട്മെന്റിലുണ്ടായിരുന്നത്.
ട്രെയിൻ ഓടിത്തുടങ്ങിയപ്പോൾ ഹേമരാജ് ട്രെയിനിൽ ഓടിക്കയറിയത്. ലേഡീസ് കംപാർട്മെന്റിൽ ഒരു സ്ത്രീ മാത്രം ഒറ്റക്കിരിക്കുന്നത് കണ്ട് അയാൾ അവിടേക്കെത്തി. തുടർന്ന് യുവതിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. ചെറുത്തുനിന്ന ഹേമരാജിനെ തള്ളിമാറ്റാൻ ശ്രമിക്കുന്നതിനിടെ, രേവതിയെ ഇയാൾ പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു.
ട്രെയിനിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ രേവതിയുടെ കൈകാലുകൾക്കും തലക്കും പരിക്കേറ്റു. ഇവരെ റെയിൽവേ അധികൃതർ വെല്ലൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അമ്മയുടെ വീട്ടിലേക്കുള്ള യാത്രയിലായിരുന്നു രേവതി. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. യുവതിയുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ഹേമരാജ് മർദനക്കേസിലും കവർച്ചകേസിലും മുമ്പും അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.