ആലപ്പുഴ: മക്കളെ കൊലപ്പെടുത്തിയ ശേഷം പൊലീസുകാരന്റെ ഭാര്യ ആത്മഹത്യചെയ്ത കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ആലപ്പുഴ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഒന്നിൽ കഴിഞ്ഞദിവസമാണ് അന്വേഷണസംഘം കുറ്റപത്രം നൽകിയത്.ജാമ്യവ്യവസ്ഥ ലംഘിച്ച പൊലീസുകാരന്റെ ജാമ്യം റദ്ദാക്കണമെന്നും അന്വേഷണസംഘം ആവശ്യപ്പെട്ടു. ആലപ്പുഴ മെഡിക്കൽ കോളജ് പൊലീസ് എയ്ഡ് പോസ്റ്റിലെ സി.പി.ഒ റെനീസിന്റെ ഭാര്യ നജ്ല (27), മകൻ ടിപ്പുസുൽത്താൻ (അഞ്ച്), മകൾ മലാല (ഒന്നേകാൽ) എന്നിവരാണ് മൂന്നുമാസം മുമ്പ് മരിച്ചത്. ആത്മഹത്യ പ്രേരണക്കുറ്റമാണ് റെനീസിനെതിരെ ചുമത്തിയിട്ടുള്ളത്.
റെനീസിന്റെ കാമുകി ഷഹാനയും (24) കേസിൽ അറസ്റ്റിലായിരുന്നു. ആത്മഹത്യ പ്രേരണക്കുറ്റമാണ് ഇവർക്കെതിരെയും ചുമത്തിയിട്ടുള്ളത്. തന്നെ വിവാഹം കഴിക്കണമെന്ന് റെനീസിൽ സമ്മർദം ചെലുത്തിവരുകയായിരുന്നു ഷഹാന. ഇക്കാര്യം പറഞ്ഞ് താമസ സ്ഥലമായ പൊലീസ് ക്വാർട്ടേഴ്സിലെത്തി ഇവർ നജ്ലയെ ഭീഷണിപ്പെടുത്തി മണിക്കൂറുകൾക്കകമാണ് ജീവനൊടുക്കിയത്. ഷഹാനയുടെ നീക്കങ്ങൾക്ക് റെനീസിന്റെ പിന്തുണ ഉണ്ടായിരുന്നുവെന്നാണ് കണ്ടെത്തൽ.
ശനിയാഴ്ചതോറും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്നായിരുന്നു ജാമ്യവ്യവസ്ഥ. എന്നാൽ, കഴിഞ്ഞ രണ്ട് ശനിയാഴ്ചകളിൽ ഇയാൾ ഹാജരായില്ല. ഇതേ തുടർന്നാണ് ജാമ്യം റദ്ദാക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടത്. മേയ് 10നാണ് നജ്ലയും കുട്ടികളും മരിച്ചത്. ടിപ്പുസുൽത്താന്റെ കഴുത്തിൽ ഷാൾ മുറുക്കിയും മലാലയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിയും കൊന്നശേഷം നജ്ല കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നു. അന്ന് രാത്രി ഡ്യൂട്ടിയിലായിരുന്നു റെനീസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.