ആലപ്പുഴ: പൊലീസ് ക്വാര്‍ട്ടേഴ്സില്‍ മക്കളെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്യുന്നത് ഭർത്താവും പൊലീസുകാരനുമായ റെനീസ്, ക്ലോസ്ഡ് സർക്യൂട്ട് സി.സി ടി.വിയിലൂടെ തത്സമയം കണ്ടിരിക്കാമെന്ന് നിഗമനം. ഭാര്യ അറിയാതെ ക്വാര്‍ട്ടേഴ്സില്‍ സ്ഥാപിച്ച ഒളികാമറ റെനീസിന്‍റെ മൊബൈൽ ഫോണുമായി ബന്ധിപ്പിച്ചിരുന്നു.
മക്കളായ ടിപ്പുസുൽത്താൻ (അഞ്ച്), മലാല (ഒന്നര) എന്നിവരെ കൊന്ന് റെനീസിന്‍റെ ഭാര്യ നെജീല (28) ആലപ്പുഴ എ.ആർ ക്യാമ്പ് പൊലീസ് ക്വാര്‍ട്ടേഴ്സില്‍ ആത്മഹത്യ ചെയ്യുന്നത് കഴിഞ്ഞ മേയ് 10നാണ്. റെനീസിന്‍റെ നിരന്തര പീഡനങ്ങളും പരസ്ത്രീ ബന്ധവുമാണ് ജീവനൊടുക്കാൻ കാരണമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. നജ്ലയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ റെനീസ് ക്വാര്‍ട്ടേഴ്സില്‍ രഹസ്യമായി സി.സി ടി.വി കാമറ സ്ഥാപിച്ചത് കേസ് അന്വേഷണത്തിനിടെയാണ് പൊലീസ് കണ്ടെത്തിയത്.
ക്വാർട്ടേഴ്സിന്‍റെ ഹാളില്‍ സ്ഥാപിച്ച കാമറയിൽ പതിയുന്ന ദൃശ്യങ്ങൾ റെനീസിന്‍റെ മൊബൈൽ ഫോണിൽ ലഭിക്കുംവിധമായിരുന്നു സജ്ജീകരിച്ചിരുന്നത്. നെജ്ല ആത്യമഹത്യ ചെയ്ത കിടപ്പുമുറിയും കാമറയുടെ പരിധിയില്‍വരും. ആത്മഹത്യ നടന്നതിന്‍റെ തലേന്ന് വൈകീട്ട് അഞ്ചിന് റെനീസിന്‍റെ കാമുകി ഷഹാന ക്വാര്‍ട്ടേഴ്സിലെത്തിയിരുന്നു. റെനീസിന്‍റെ നിര്‍ദേശപ്രകാരമായിരുന്നു ഇത്. തന്നെയും ഭാര്യ എന്ന നിലയിൽ ക്വാർട്ടേഴ്സിൽ താമസിക്കാന്‍ അനുവദിക്കണമെന്ന് ഷഹാന, നെജ്ലയോട് ആവശ്യപ്പെട്ടു. ഇതേച്ചൊല്ലി ഇവര്‍ തമ്മില്‍ ഏറെനേരം വഴക്കുണ്ടായി.
ഷഹാന പോയശേഷമാണ് മക്കളിൽ ഒരാളെ ശ്വാസംമുട്ടിച്ചും ഇളയ കുട്ടിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയശേഷം നെജ്ല ജീവനൊടുക്കിയത്. ആലപ്പുഴ മെഡിക്കല്‍ കോളജിലെ പൊലീസ് ഔട്ട്പോസ്റ്റില്‍ നൈറ്റ് ഷിഫ്റ്റില്‍ ജോലിയിലായിരുന്നു ഈസമയം റെനീസ്. ക്വാര്‍ട്ടേഴ്സില്‍ നടന്നതെല്ലാം റെനീസ് കണ്ടിരിക്കാമെന്ന നിഗമനത്തിൽ സി.സി ടി.വി ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ തൃപ്പൂണിത്തുറയിലെ ഫോറന്‍സിക് ലാബിനെ സമീപിച്ചിരിക്കുകയാണ് പൊലീസ്. ഫോറൻസിക് ഫലംകൂടി ലഭ്യമായശേഷം ഈമാസം അവസാനത്തോടെ കേസിൽ കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസ് തീരുമാനം. കേസിലെ പ്രതികളായ റെനീസും ഷഹാനയും റിമാൻഡിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.