ലഖ്നൗ: മെറ്റയുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് ആത്മഹത്യക്കൊരുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി ഫിറോസാബാദ് പൊലീസ്. കടം വാങ്ങിയ പണം തിരികെ കൊടുക്കാൻ കഴിയാതെ വന്നതോടെയാണ് 22കാരൻ ആത്മഹത്യക്കൊരുങ്ങിയത്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് സംഭവം. കർപ്പൂര ഗുളിക കഴിക്കുകയും നാളെ രാവിലെ താൻ ജീവിച്ചിരിക്കുമോ എന്ന് നോക്കാമെന്നുള്ള തരത്തിൽ ആത്മഹത്യ സൂചന നൽകികൊണ്ടുളള ഒരു പോസ്റ്റ് യുവാവ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. രാത്രി 11.48ഓടെ ഉത്തർപ്രദേശിന്‍റെ പൊലീസ് ആസ്ഥാനത്തുളള സോഷ്യൽ മീഡിയ സെന്‍റെറിലേക്ക് മെറ്റയുടെ അലർട്ട് വരികയും വിവരങ്ങൾ കൈമാറുകയും ചെയ്തു.
പത്ത് മിനിറ്റിനുളളിൽ ഫിറോസാബാദ് പൊലീസ് ലൊക്കേഷൻ കണ്ടെത്തി യുവാവിന്‍റെ വീട്ടിലെത്തി രക്ഷപ്പെടുത്തുകയും ചെയ്തു. കുടുംബത്തിന്‍റെ സഹായത്തോടെ യുവാവിനെ ആശുപത്രിയിലെത്തിക്കുകയും ചികിത്സ നൽകുകയും ചെയ്തു. കൗൺസലിങ് നൽകിയതിന് ശേഷം ഇനി ആവർത്തിക്കരുതെന്നും മുന്നറിയിപ്പും നൽകി. ഒരു സ്വകാര്യധനകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന യുവാവ് വിഷാദരോഗത്തിന് അടിമയായിരുന്നെന്ന് പൊലീസ് പറയുന്നു.
ഉത്തർപ്രദേശ് പൊലീസുമായി സഹകരിച്ച് പ്രവർത്തിക്കുന്ന മെറ്റയുടെ അലർട്ട് സിസ്റ്റത്തിൽ 2022 മുതൽ ആത്മഹത്യശ്രമം നടത്തിയ 1597 പേരെയാണ് ഇതുവരെ രക്ഷപ്പെടുത്തിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.