വെർച്വൽ അറസ്റ്റിലൂടെ വയോദമ്പതികളുടെ 50 ലക്ഷം തട്ടിയെടുക്കാനുള്ള ശ്രമം തടഞ്ഞ് പൊലീസ്

കോട്ടയം: വെർച്വൽ അറസ്റ്റിലൂടെ വയോദമ്പതികളുടെ 50 ലക്ഷം രൂപ തട്ടിയെടുക്കാനുള്ള സൈബർ തട്ടിപ്പുകാരുടെ ശ്രമം തടഞ്ഞ് പൊലീസ്. ചങ്ങനാശ്ശേരി സ്വദേശികളായ ദമ്പതികളുടെ അക്കൗണ്ട് മുഖേന പരിധിയിൽ കവിഞ്ഞുള്ള സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുള്ളതായും ഇത് രാജ്യവിരുദ്ധ ഇടപാടുകൾക്കായി ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടത്തിയതായും വെർച്വൽ അറസ്റ്റിലാണെന്നും പൊലീസ് ഉദ്യോഗസ്ഥന്‍റെ വേഷത്തില്‍ വാട്സ് ആപ്പ് വഴി വിഡിയോ കോളില്‍ വന്ന തട്ടിപ്പുകാര്‍ അറിയിക്കുകയും അറസ്റ്റ് ചെയ്യാതിരിക്കാൻ 50 ലക്ഷം രൂപ നൽകണമെന്നും വിശ്വസിപ്പിക്കുകയായിരുന്നു.

ഇതോടെ ദമ്പതികൾ കഴിഞ്ഞദിവസം ചങ്ങനാശ്ശേരി ഫെഡറൽ ബാങ്ക് ശാഖയിലെത്തി ഫിക്സഡ് ഡിപ്പോസിറ്റായ 50 ലക്ഷം രൂപ പിൻവലിച്ച് രാജ് എജുക്കേഷനൽ ട്രസ്റ്റ് എന്ന സ്ഥാപനത്തിന്‍റെ ഐ.സി.ഐ.സി.ഐ ബാങ്കിലെ അക്കൗണ്ടിലേക്ക് പണം അയക്കാൻ ബാങ്ക് മാനേജരെ സമീപിച്ചു. സംശയം തോന്നിയ ബാങ്ക് മാനേജർ ശ്രീവിദ്യ ഐ.സി.ഐ.സി.ഐ ബാങ്കുമായി ബന്ധപ്പെടുകയും അക്കൗണ്ട് വ്യാജമാണെന്നും ഉറപ്പാക്കിയ ശേഷം ഇടപാട് നടത്താതെ ഇവരെ തിരിച്ചയക്കുകയായിരുന്നു.

എന്നാൽ വെള്ളിയാഴ്ച ദമ്പതികൾ വീണ്ടും ബാങ്കിലെത്തി സ്വന്തം ഐ.സി.ഐ.സി.ഐ ബാങ്ക് അക്കൗണ്ടിലേക്ക് 50 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്യുന്നതിന് ബാങ്ക് മാനേജരെ നിർബന്ധിക്കുകയും ഈ വിവരം ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്‍റ് ആൻഡ് റീജനൽ മാനേജർ കെ.ടി. ജയചന്ദ്രൻ സൈബർ പൊലീസ് എസ്.എച്ച്.ഒയെ അറിയിച്ചതനുസരിച്ച് ജില്ല പൊലീസ് മേധാവി എ. ഷാഹുൽ ഹമീദിന്‍റെ നിർദ്ദേശപ്രകാരം ചങ്ങനാശ്ശേരി എസ്.ഐ ഫെഡറൽ ബാങ്ക് ബ്രാഞ്ചിൽ എത്തി ദമ്പതികളെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി തട്ടിപ്പില്‍നിന്ന് രക്ഷിക്കുകയുമായിരുന്നു.

ഈ സമയമത്രയും ദമ്പതികള്‍ വെർച്വൽ അറസ്റ്റില്‍ തുടരുന്ന നിലയിലായിരുന്നു.പൊലീസ് ഇടപെട്ടുവെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് തട്ടിപ്പുകാര്‍ ഫോൺ കോള്‍ കട്ടാക്കി മുങ്ങുകയായിരുന്നു.


Tags:    
News Summary - Police foil attempt to extort Rs 50 lakh from elderly couple through virtual arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.