തൃശൂർ: സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതി പ്രവീൺ റാണ തൊട്ടരികെ വെച്ച് രക്ഷപ്പെടാനിടയായതിന് പിന്നിൽ സേനക്കുള്ളിലെ വിവരം ചോർത്തൽ സംശയിച്ച് പൊലീസ്. കൊച്ചി കടവന്ത്രയിലെ പങ്കാളിയുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് ഇയാള്‍ ഉണ്ടായിരുന്നത്. തൃശൂർ പൊലീസെത്തുമ്പോൾ റാണ ഫ്ലാറ്റിലുണ്ടായിരുന്നു. പരിശോധനകൾക്കായി പൊലീസ് മുകളിലേക്ക് കയറിയപ്പോഴാണ് റാണ മറ്റൊരു ലിഫ്റ്റിൽ രക്ഷപ്പെട്ടത്. പൊലീസ് എത്തുന്നതിന് മുമ്പ് ഇയാള്‍ ബി.എം.ഡബ്ല്യൂ കാറിൽ രക്ഷപ്പെടുകയായിരുന്നു. ഇതറിഞ്ഞ പൊലീസ് ചാലക്കുടിയിൽ വാഹനം തടഞ്ഞപ്പോൾ റാണ അതില്‍ ഇല്ലായിരുന്നു.
ഫ്ലാറ്റിൽനിന്ന് ഇയാൾ പോകുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ആലുവക്കും അങ്കമാലിക്കും ഇടയിൽ വെച്ച് ഇയാൾ മുങ്ങുകയായിരുന്നു. ഇതാണ് സംശയത്തിനിടയാക്കിയത്. പൊലീസിൽ ഉന്നത ബന്ധങ്ങളുള്ള പ്രവീൺ റാണയുടെ ജീവനക്കാരിൽ ചിലർ പൊലീസിൽനിന്ന് വിരമിച്ചവരാണ്.
ഫ്ലാറ്റിലുണ്ടെന്ന വിവരം ലഭിച്ചതനുസരിച്ച് അതിരഹസ്യമായി എത്തുന്ന അതേസമയത്ത് തന്നെ രക്ഷപ്പെടാൻ ഇടയാക്കിയത് കൂടെയുള്ളവരിൽനിന്ന് വിവരം ചോർന്നിട്ടുണ്ടെന്ന സംശയത്തിലാണ് അന്വേഷണസംഘം. വിവര ചോർച്ചകൾ ഇല്ലാതിരിക്കാനും മറ്റ് ഇടപെടലുകൾക്ക് അവസരമില്ലാതിരിക്കാനും കമീഷണർ നേരിട്ട് മേൽനോട്ടം വഹിച്ചാണ് കേസ് നീക്കങ്ങളെന്നിരിക്കെ കൈയകലത്തിൽനിന്ന് പ്രവീൺ റാണയുടെ രക്ഷപ്പെടൽ അന്വേഷണ സംഘത്തിന് അപ്രതീക്ഷിത തിരിച്ചടിയാണ്. ഫ്ലാറ്റിലുണ്ടായിരുന്നതും തൃശൂരിലുണ്ടായിരുന്നതുമായ നാല് ആഡംബര കാറുകളാണ് പൊലീസ് പിടിച്ചെടുത്തത്. പിടികൂടിയ കാറുകള്‍ തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.