പൊലീസിന്‍റെ കണ്ണില്ലാ ക്രൂരത വീണ്ടും; നിലവിളിച്ച്​ കരയുന്ന മൂന്നുവയസുകാരിയെ കാറിൽ പൂട്ടിയിട്ട ദൃശ്യങ്ങൾ പുറത്ത്​

കുരുന്നു കണ്ണീരിലും അലിയാത്ത പൊലീസ്​ ക്രൂരതയു​ടെ പുതിയ വിവരങ്ങൾ പുറത്ത്​. കഴിഞ്ഞ ഫെബ്രുവരിയിൽ തിരുവനന്തപുരം ബാലരാമപുരത്ത്​ പൊലീസ്​ പരിശോധനക്കിടയിലുണ്ടായ നടുക്കുന്ന സംഭവങ്ങളുടെ ദൃശ്യങ്ങളാണ്​ ഇപ്പോൾ പുറത്തുവന്നത്​. മൂന്നുവയസുകാരി കാറിലിരുന്ന്​ കരയുന്നതിനിടെ നിർദയമായി താക്കോലെടുത്ത്​ ഡോറടച്ചു പോകുന്ന പൊലീസിന്‍റെ ദൃശ്യങ്ങൾ കുഞ്ഞിന്‍റെ അമ്മയാണ്​ മൊബൈൽ ഫോണിൽ പകർത്തിയത്​.

ധനുവെച്ചപുരം സ്വ​ദേശികളായ ദമ്പതികളും മൂന്നുവയസുള്ള കുഞ്ഞും കാറിൽ യാത്ര ചെയ്യു​േമ്പാൾ ബാലരാമപുരത്ത്​ ​പരിശോധന നടത്തുന്ന പൊലീസ്​ തടഞ്ഞു നിർത്തുകയായിരുന്നു. അമിത വേഗത്തിന്​ 1500 രൂപ പിഴയടക്കാൻ പൊലീസ്​ ആവശ്യപ്പെട്ടു. ഗാനമേളകളിലെ ഡ്രം ആർടിസ്റ്റായ ഷിബുവും ഗായികയായ ഭാര്യ അഞ്​ജനയും ലോക്​ഡൗണിൽ വരുമാനം നിലച്ചത് ചൂണ്ടികാണിച്ച്​ പിഴ ഒഴിവാക്കി തരാൻ​ പൊലീസിനോട്​ അപേക്ഷിച്ചു. നിരവധി വാഹനങ്ങൾ പൊലീസ്​ പരിശോധന മറികടന്ന്​ പോകുന്നത്​ ചൂണ്ടികാണിച്ച്​ അതുപോലെ തങ്ങളെയും വിട്ടയച്ചുകൂടെയെന്ന്​ ഷിബു പറഞ്ഞത്​ പൊലീസിനെ പ്രകോപിപ്പിച്ചു. കാറിൽ നിന്ന്​ ഇറങ്ങിച്ചെന്ന്​ പൊലീസ്​ വാഹനത്തിനടുത്ത്​ നിന്നായിരുന്നു ഷിബു സംസംരിച്ചിരുന്നത്​.

ദേഷ്യത്തോടെ കാറിനടുത്തേക്ക്​ കുതിച്ചെത്തിയ പൊലീസുകാരൻ ഡ്രൈവിങ്​ സീറ്റിലേക്ക്​ കയറി താക്കോലെടുത്തു. ഈ സമയം കാറിനകത്തുണ്ടായിരുന്ന മൂന്നുവയസുകാരി അപരിചിതനായ പൊലീസുകാരനെ കണ്ട്​ നിലവിളിച്ച്​ കരയുകയായിരുന്നു. എന്നാൽ, ഇതൊന്നും കാര്യമാക്കാതെ പൊലീസുകാരൻ താക്കോലുമെടുത്ത്​ ഡോറടച്ചു പോയി. കേസെടുത്ത്​ അകത്തിടുമെന്നും മറ്റും പറഞ്ഞ്​ ഷിബുവിനെ ഭീഷണിപ്പെടുത്തുകയും ചെയ്​തു.

കൈയിൽ 500 രൂപ മാത്രമുണ്ടായിരുന്ന ഷിബു അക്കാര്യം പോലീസിനോട് ബോധ്യപ്പെടുത്തിയെങ്കിലും ചെവിക്കൊള്ളാൻ തയ്യാറായില്ല. മണിക്കൂറുകൾ കാത്തുനിന്ന് അതുവഴി വന്ന രണ്ടു സുഹൃത്തുക്കളിൽ നിന്നായി ആയിരം രൂപ സംഘടിപ്പിച്ച്​ പിഴയടച്ച ശേഷമാണ്​ കുടുംബത്തെ പോകാനനുവദിച്ചത്​.

ഇതിന്‍റെ ദൃശ്യങ്ങൾ കുഞ്ഞിന്‍റെ അമ്മ ​െമാബൈൽ ഫോണിൽ പകർത്തിയിരുന്നെങ്കിലും പുറത്തുവിട്ടിരുന്നില്ല. നിലവിളിക്കുന്ന കുഞ്ഞുമകളെ കണ്ട്​ കണ്ണുനിറഞ്ഞു പോയിരുന്നെന്ന്​ വേദ​നയോടെ ഒാർക്കുകയാണ്​ ഷിബു.

തിരുവനന്തപുരത്തു തന്നെ മൂന്നാം ക്ലാസുകരിയെയും പിതാവിനെയും പൊതുജനമധ്യത്തിൽ പിങ്ക്​ പൊലീസ്​ അപമാനിച്ച സംഭവം വിവാദമായ പശ്ചാത്തലത്തിലാണ്​ പഴയ ദൃശ്യങ്ങൾ പുറത്തുവിട്ടതെന്ന്​ കുഞ്ഞിന്‍റെ അമ്മ അഞ്​ജന പറഞ്ഞു. കുഞ്ഞുങ്ങളോട്​ നിർദയമായി പെരുമാറുന്ന പൊലീസിന്‍റെ രീതി നേരത്തെ ഉള്ളതാണ്​. ഇതിനൊരു മാറ്റമുണ്ടാകണമെന്ന്​ അവർ പറഞ്ഞു.

സംഭവത്തിൽ പരാതി ലഭിച്ചാൽ നടപടി എടുക്കുമെന്ന്​ ബാലാവകാശ കമീഷൻ അധ്യക്ഷൻ കെ.വി മനോജ്​കുമാർ പറഞ്ഞു. തിരുവനന്തപുരത്ത്​ പൊലീസ്​ അതിക്രമത്തിന്​ ഇരയായ മൂന്നാം ക്ലാസുകാരിക്ക്​ മാനസികാഘാതം മറികടക്കാൻ​ കൗൺസലിങ്​ ആവശ്യമാണെന്ന്​ ബാലവകാശ കമീഷൻ നിർദേശിച്ചിരുന്നു. 

Full View



Tags:    
News Summary - police atrocity against child in balaramapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.