മുംബൈ: ഒരു പ്രദേശത്തെയാകെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ 'നേക്കഡ് മാൻ' ഒടുവിൽ പിടിയിൽ. മുംബൈക്കടുത്ത ഡിഗയിലാണ് രണ്ടാഴ്ച നാടിനെ വട്ടംകറക്കിയയാളെ പിടികൂടിയത്.
ഉടുതുണിയില്ലാതെ പ്രദേശത്ത് ഇയാൾ കറങ്ങിനടക്കുന്നത് പലതവണ സി.സി.ടി.വി കാമറകളിൽ ദൃശ്യമായിരുന്നു. വീടുതകർത്ത് മോഷണത്തിനായോ സ്ത്രീകളെ അപായപ്പെടുത്താൻ വേണ്ടിയോ ആയിരിക്കാം ഇയാൾ കറങ്ങിനടക്കുന്നതെന്നായിരുന്നു നാട്ടുകാരുടെ സംശയം. ഇതിനിടെ, റബാലെ പ്രദേശത്തുനിന്ന് രാത്രി വീടുകയറി മോഷണം നടത്തിയതിന് പരാതിയും ലഭിച്ചിരുന്നു. രണ്ടു മൊബൈൽ ഫോണുകളും പണവുമാണ് മോഷണം പോയത്.
ആളെ കണ്ടുപിടിക്കാനായി സി.സി.ടി.വിയിൽ പതിഞ്ഞ ഇയാളുടെ ദൃശ്യങ്ങൾ പൊലീസ് പ്രചരിപ്പിച്ചിരുന്നു. നവി മുംബൈയിലും താനെയിലും ഇതേ ലക്ഷ്യംവെച്ച് സി.സി.ടി.വി ഫൂട്ടേജ് പൊലീസ് വ്യാപകമായി പ്രചരിപ്പിച്ചു.
അതിനിടെയാണ്, കൽവയിൽ ഒരു മോഷ്ടാവിനെ പിടിച്ച വിവരം റബാലെ പൊലീസിന് ലഭിക്കുന്നത്. 24കാരനായ ആദിത്യ ഗുപ്ത എന്ന കാലിയ ആയിരുന്നു അത്. കൽവയിലെ മനീഷ നഗർ സ്വദേശിയായിരുന്നു ഇയാൾ. ഡിൽ-ദെയ്ഘാറിൽ വീടുകളിൽ മോഷണം നടത്തിയതിന് ഇയാളുടെ പേരിൽ നേരത്തേ അഞ്ചു കേസുകളുണ്ട്.
റബാലെ പൊലീസ് കൽവയിലെത്തി പ്രതിയെ കണ്ടതോടെ സി.സി.ടി.വി ദൃശ്യങ്ങളിലുള്ള 'നഗ്നനായ ആൾ' ഇയാൾ തന്നെയാണെന്ന് സ്ഥിരീകരിച്ചു. കസ്റ്റഡിയിലായ ഇയാളെ പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആരോഗ്യകരമായി കൂടുതൽ പ്രശ്നങ്ങളൊന്നുമില്ലാത്തതിനാൽ ഉടൻ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് റബാലെ പെലീസ് സ്റ്റേഷനിലെ ഇൻസ്‍പെക്ടർ സുധീർ പാട്ടീൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.