ഷെബിൻ
പത്തനംതിട്ട: പതിമൂന്നുകാരിയെ ലൈംഗികപീഡനത്തിന് വിധേയയാക്കിയ പ്രതിക്ക് 30 വർഷം കഠിനതടവും രണ്ടരലക്ഷം രൂപ പിഴയും ശിക്ഷ. ചിറ്റാർ പൊലീസ് സ്റ്റേഷനിൽ 2021ൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. ചിറ്റാർ കൊടുമുടി പുതുപ്പറമ്പിൽ വീട്ടിൽനിന്നും കൊടുമുടി ജയഭവനം വീട്ടിൽ വാടകക്ക് താമസിക്കുന്ന പി.ടി. ഷെബിനെയാണ് (39) കോടതി ശിക്ഷിച്ചത്. പത്തനംതിട്ട അതിവേഗ കോടതി ജഡ്ജി ഡോണി തോമസ് വർഗീസാണ് വിധി പുറപ്പെടുവിച്ചത്.
2021 ഒക്ടോബർ 15ന് വൈകീട്ട് കുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറിയ പ്രതി ലൈംഗികപീഡനത്തിന് വിധേയയാക്കി. നഗ്നചിത്രം ഫോണിൽ പകർത്തുകയും ചെയ്തു. അന്നത്തെ ചിറ്റാർ പൊലീസ് ഇൻസ്പെക്ടർ ബി. രാജേന്ദ്രൻ പിള്ളയാണ് കുറ്റപത്രം സമർപ്പിച്ചത്. വീട്ടിൽ അതിക്രമിച്ചുകടന്നതിന് ഏഴുവർഷം കഠിനതടവും 25000 രൂപയും പോക്സോ നിയമത്തിലെ എഴ്, എട്ട് വകുപ്പുകൾ പ്രകാരം മൂന്നു വർഷവും 25000 രൂപയും, 4(2), 3(b) വകുപ്പുകൾ അനുസരിച്ച് 20 വർഷവും രണ്ടുലക്ഷം രൂപയുമാണ് ശിക്ഷിച്ചത്. പിഴത്തുക കുട്ടിക്ക് നൽകണം.
പിഴ അടച്ചില്ലെങ്കിൽ ഒന്നര വർഷത്തെ അധികകഠിനതടവ് കൂടി അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ റോഷൻ തോമസ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.