നാലുമാസം പ്രായമായ കുഞ്ഞിന്റെ മരണം കൊലപാതകം; മാതാപിതാക്കൾ അറസ്റ്റിൽ
കുറ്റിക്കാട്ടൂർ: നാലു മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം. സംഭവത്തിൽ മാതാപിതാക്കൾ അറസ്റ്റിൽ. കുറ്റിക്കാട്ടൂർ ചെമ്മലത്തൂർ വയൽക്കര ഷിജിൻ, ഭാര്യ അഞ്ജന എന്നിവരെയാണ് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റുചെയ്തത്. ഷിജിനെ കൊലപാതകക്കുറ്റത്തിനും അഞ്ജനയെ വിവരം മറച്ചുവെച്ചതിനുമാണ് അറസ്റ്റുചെയ്തത്. പിതാവ് മദ്യലഹരിയിൽ മർദിച്ചതിനെതുടർന്നാണ് കുഞ്ഞ് മരിച്ചതെന്നാണ് കണ്ടെത്തിയത്. 2025 ഒക്ടോബർ ഒന്നിനാണ് സംഭവം.
നാല് മാസം പ്രായമായ പെൺകുഞ്ഞ് വിളിച്ചിട്ട് ഉണരുന്നില്ലെന്നും മൂക്കിലൂടെ കഫം വരുന്നെന്നും പറഞ്ഞാണ് രാത്രിയിൽ പൂവാട്ടുപറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. കുട്ടി ഗുരുതരാവസ്ഥയിലായതിനാൽ ഉടൻ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന്, മെഡിക്കല്‍ കോളജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. നാട്ടുകാര്‍ ചില സംശയങ്ങള്‍ പൊലീസിനോട് അന്നുതന്നെ സൂചിപ്പിച്ചിരുന്നു. തുടക്കത്തിൽതന്നെ മാതാപിതാക്കളെ ചോദ്യംചെയ്തെങ്കിലും ഫലമുണ്ടായില്ല. എന്നാൽ, പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടിൽ സ്വാഭാവിക മരണമല്ലെന്നും കുഞ്ഞിന് മർദനമേറ്റിട്ടുണ്ടെന്നും പരിക്കുണ്ടെന്നും വ്യക്തമായതോടെ മെഡിക്കൽ കോളജ് പൊലീസ് വിശദമായി അന്വേഷണം നടത്തുകയായിരുന്നു.
മാതാവ് അഞ്ജനയെ പൊലീസ് വിശദമായി ചോദ്യംചെയ്തതിൽനിന്നാണ് പിതാവ് ഷിജിൻ കുഞ്ഞിനെ മർദിക്കാറുണ്ടെന്നും സംഭവദിവസവും മർദിച്ചതായും വെളിപ്പെടുത്തുന്നത്. സ്ഥിരം മദ്യപിച്ചെത്തുന്ന ഷിജിന്‍, രാത്രി കുഞ്ഞ് ഉറക്കെ കരഞ്ഞതിന്റെ ദേഷ്യത്തിലാണ് മർദിച്ചതെന്നാണ് അഞ്ജന പൊലീസിനോട് പറഞ്ഞത്. തുടർന്ന്, പൊലീസ് വിശദ പരിശോധന നടത്തിയും ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചും ഇരുവരെയും അറസ്റ്റുചെയ്യുകയായിരുന്നു. വൈദ്യപരിശോധനക്കുശേഷം ഇരുവരെയും കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.