ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു; ഭാര്യയടക്കം നാല് പേര് അറസ്റ്റിൽ
രാംഗഡ്: ജാർഖണ്ഡിലെ രാംഗഡ് ജില്ലയിൽ യുവാവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് ശേഷം കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ. 38-കാരനായ രോഹിത് കുമാർ എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രോഹിത് കുമാറിന്റെ ഭാര്യ അടക്കം നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭാര്യ അഞ്ജു ദേവി, ഇവരുടെ അമ്മ സുന്ദരി ദേവി (51), സഹോദരൻ ദിനേശ്വർ പ്രജാപതി (28), സുഹൃത്ത് മുഹമ്മദ് ഷൗക്കത്ത് അൻസാരി (35) എന്നിവരാണ് അറസ്റ്റിലായത്.
ബുധനാഴ്ച കുജു പൊലീസ് സ്റ്റേഷൻ പരിധിയിലെ അർഗഡ്ഡ മേഖലയിലെ പരാരു നാല പാലത്തിന് സമീപം കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിലാണ് രോഹിത് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. പിന്നാലെ ഇയാളുടെ സഹോദരൻ കരൺ കുമാർ കുജു പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് രാംഗഡ് എസ്.പി മുകേഷ് കുമാർ ലുനായത്ത് സബ് ഡിവിഷണൽ പൊലീസ് ഓഫീസർ അലോക് രഞ്ജന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
അന്വേഷണത്തിനിടെ പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഭാര്യ അഞ്ജു കുറ്റം സമ്മതിക്കുകയായിരുന്നു. കുറ്റകൃത്യത്തിൽ പങ്കെടുത്ത മറ്റ് മൂന്ന് പേരുടെ പേര് വെളിപ്പെടുത്തുകയും ചെയ്തു.
രോഹിതും അഞ്ജുവും തമ്മിൽ അവരുടെ പെരുമാറ്റത്തെ ചൊല്ലി നിരന്തരം വഴക്കുണ്ടാകാറുണ്ടെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് തലേദിവസവും ദമ്പതികൾ തമ്മിൽ വാക്കേറ്റമുണ്ടാവുകയും അത് പിന്നീട് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. അഞ്ജുവും അമ്മയും സഹോദരനും ചേർന്ന് രോഹിത്തിനെ കൊലപ്പെടുത്തിയതിന് ശേഷം തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹം ഷൗക്കത്ത് അൻസാരിയുടെ വാഹനത്തിൽ കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു.
കൊലപാതകത്തിന് ഉപയോഗിച്ച മരപ്പലകയും കഴുത്തുഞെരിക്കാൻ ഉപയോഗിച്ച ദുപ്പട്ടയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കൊലപാതകത്തിന്റെ സാഹചര്യങ്ങളും നാല് പ്രതികളുടെ പങ്കും പോലീസ് അന്വേഷിച്ചുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.