ജമാഅത്തിലെ മധ്യസ്ഥ ചർച്ചക്കിടെ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മർദനമേറ്റ് മരിച്ചു

കരുനാഗപ്പള്ളി: ദാമ്പത്യപ്രശ്നത്തെക്കുറിച്ച മധ്യസ്ഥ ചർച്ച അക്രമാസക്തമായതിനെതുടർന്ന് വധുവിന്റെ ബന്ധുക്കളുടെ ആക്രമണത്തിൽ മർദനമേറ്റ പാലോലിക്കുളങ്ങര ജമാഅത്ത് പ്രസിഡന്‍റും തൊടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഇടക്കുളങ്ങര മണ്ണേൽ വീട്ടിൽ സലിം മണ്ണേൽ (60) കുഴഞ്ഞുവീണ് മരിച്ചു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: പാലോലിക്കുളങ്ങര മുസ്ലിം ജമാഅത്തിൽപെട്ട യുവാവും കോയിവിള ജമാഅത്തിൽപെട്ട യുവതിയും തമ്മിലുള്ള ദാമ്പത്യ ജീവിത പ്രശ്നങ്ങൾ മധ്യസ്ഥ ചർച്ചയിൽ പരിഹരിക്കാൻ ബന്ധുക്കൾ പാലോലിക്കുളങ്ങര ജമാഅത്ത് ഓഫിസിൽ വെള്ളിയാഴ്ച വൈകീട്ട് നാലിന് ഒത്തുകൂടി. ചർച്ച മുന്നോട്ട് പോകവേ വധുവിന്റെ നിരവധി ബന്ധുക്കൾ ഓഫിസിലേക്കെത്തി. 5.30ഓടെ ചർച്ച അക്രമത്തിലേക്ക് വഴിമാറി.

വധുവിന്റെ ബന്ധു ജമാഅത്ത് ഓഫിസിലെ കസേര തല്ലിയൊടിച്ചു. ഇത് ചോദ്യംചെയ്ത സലിം മണ്ണേലിനെ ആളുകൾ മർദിക്കുകയും അദ്ദേഹം കുഴഞ്ഞു വീഴുകയുമായിരുന്നു. മൂന്നാഴ്ച മുമ്പ് ആൻജിയോ പ്ലാസ്റ്റി കഴിഞ്ഞ ആളാണ് സലിം മണ്ണേൽ. ബോധരഹിതനായ അദ്ദേഹത്തെ ഉടൻ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

സംഘർഷത്തിൽ ജമാഅത്ത് ഓഫിസിനും കേടുപാട് സംഭവിച്ചു. ചവറ കോയിവിളയിൽ നിന്നെത്തിയ വധുവിന്‍റെ സംഘത്തിനെതിരെ ജമാഅത്ത് ഭാരവാഹികൾ പൊലീസിൽ പരാതി നൽകി.

Tags:    
News Summary - Panchayat vice president was beaten to death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.