കണ്ണൂർ: പാനൂർ പാലത്തായിയിൽ നാലാംക്ലാസുകാരിയെ സ്കൂളിൽ പീഡിപ്പിച്ച കേസിൽ അധ്യാപകനും ബി.ജെ.പി തൃപ്രങ്ങോട് പഞ്ചായത്ത് മുൻ പ്രസിഡന്റുമായ കടവത്തൂർ മുണ്ടത്തോടിൽ കുറുങ്ങാട്ട് കുനിയിൽ പത്മരാജൻ (49) എന്ന പ്രതി കുറ്റക്കാരനെന്ന് കോടതി. കേസിൽ തലശ്ശേരി പോക്സോ അതിവേഗ പ്രത്യേക കോടതി ജഡ്ജി എം.ടി. ജലജ റാണി നാളെ ശിക്ഷാവിധി പ്രഖ്യാപിക്കും.
2020 ജനുവരിയിൽ സ്കൂളിലെ ശൗചാലയത്തിൽ കൊണ്ടുപോയി പ്രതി മൂന്ന് തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. നാലാംക്ലാസുകാരിയെ അതിജീവിത ഉൾപ്പടെ 40 സാക്ഷികളെയാണ് പ്രോസിക്യൂഷൻ വിസ്തരിച്ചത്. 77 രേഖകളും 14 മുതലുകളും ഹാജരാക്കി. കുട്ടിയുടെ മൊഴിയെടുത്ത കൗൺസലർമാരടക്കം മൂന്ന് സാക്ഷികളെ പ്രതിഭാഗം വിസ്തരിച്ചു.
അതിജീവിതയുടെ മൊഴി വിശ്വാസത്തിലെടുക്കാതെ ആർ.എസ്.എസുകാരനായ പ്രതിക്കുവേണ്ടി പൊലീസ് നിലകൊണ്ടതാണ് പാലത്തായി പീഡന കേസിനെ വിവാദമാക്കിയത്. ഹൈകോടതി ഇടപെടലിൽ ക്രൈം ബ്രാഞ്ചാണ് പ്രതിക്കെതിരെ പോക്സോ ചുമത്തി അന്തിമ കുറ്റപത്രം സമർപ്പിച്ചത്.
2020 മാർച്ച് 17നാണ് പത്മരാജൻ പീഡിപ്പിച്ചതായി പെൺകുട്ടി ചൈൽഡ് ലൈനിൽ മൊഴി നൽകിയത്. പീഡന തീയതി കുട്ടിക്ക് ഓർമയില്ലെന്ന് പറഞ്ഞതോടെയാണ് പൊലീസിലെ ഒരു വിഭാഗം കേസ് അട്ടിമറിക്കാൻ ശ്രമം തുടങ്ങിയത്. പൊലീസിലെ ആർ.എസ്.എസ് സ്വാധീനമാണ് പിന്നീട് കണ്ടത്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത പാനൂർ എസ്.എച്ച്.ഒ ടി.പി. ശ്രീജിത്ത് ആണ് പ്രതിക്ക് അനുകൂലമായി ആദ്യം രംഗത്തുവന്നത്. പ്രതി സ്കൂളിൽ ലീവായിരുന്ന ദിവസം പീഡന തീയതിയാക്കി എഫ്.ഐ.ആറിൽ രേഖപ്പെടുത്തി. പൊലീസ് പറഞ്ഞ തീയതിയാണ് പീന്നീട് കുട്ടി കൗൺസലർമാരോടും ഡോക്ടറോടും നൽകിയ മൊഴി.
ദുർബല വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്ത് കുറ്റപത്രം സമർപ്പിച്ചതോടെ 90ാം ദിവസം പ്രതി ജാമ്യത്തിലിറങ്ങി. ഇതോടെ കുട്ടിയുടെ മാതാവ് ഹൈകോടതിയെ സമീപിച്ചു.
കുട്ടി നൽകിയ രഹസ്യമൊഴി കേസന്വേഷണത്തിന് മേൽനോട്ടം വഹിച്ച അന്നത്തെ ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്ത് തന്നെ വെളിപ്പെടുത്തിയതും വിവാദമായി. പ്രതിയുടെ ജാമ്യം റദ്ദാക്കാൻ മാതാവും ആക്ഷൻ കമ്മിറ്റിയും ഹൈകോടതിയെ സമീപിച്ചപ്പോൾ പെൺകുട്ടി കള്ളം പറയുകയാണ് എന്നാണ് അന്വേഷണ സംഘം ഹൈകോടതിയിൽ റിപ്പോർട്ട് നൽകിയത്.
പ്രതിക്കെതിരെ പോക്സോ ചുമത്തി ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി.കെ. രത്നാകരനാണ് അന്തിമ കുറ്റപത്രം സമർപ്പിച്ചത്. വിചാരണവേളയിൽ അന്നത്തെ സ്കൂളിലെ പ്രധാനധ്യാപകൻ കെ.കെ. ദിനേശൻ പ്രതിക്ക് അനുകൂല മൊഴി നൽകിയിരുന്നു. പീഡനം നടന്നതിനുശേഷം മാസങ്ങളോളം കുട്ടി സ്കൂളിൽ വന്നിരുന്നില്ല. എന്നാൽ, സ്കൂൾ രജിസ്റ്ററിൽ ഹാജർ രേഖപ്പെടുത്തിയിരുന്നു. ഉച്ചക്കഞ്ഞി അലവൻസ് നിലനിൽക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നാണ് പ്രധാനാധ്യാപകൻ ഇതിന് നൽകിയ മറുപടി. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.എം. ഭാസുരി ഹാജരായഇ. അഡ്വ. ജനൈസ് കടവത്തൂരാണ് അതിജീവിതയുടെ അഭിഭാഷകൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.