യൂത്ത് ലീഗ് പ്രവർത്തകൻ ഒതായി മനാഫ് വധം: പി.വി. അന്‍വറിന്റെ സഹോദരീപുത്രൻ ഷെഫീഖ് കുറ്റക്കാരൻ

മഞ്ചേരി: യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന ഓട്ടോ ഡ്രൈവര്‍ ഒതായി പള്ളിപ്പറമ്പന്‍ മനാഫിനെ കൊലപ്പെടുത്തിയ കേസിൽ പി.വി. അന്‍വറിന്റെ സഹോദരീപുത്രൻ ഷെഫീഖ് കുറ്റക്കാരനെന്ന് കോടതി. മൂന്ന് പ്രതികളെ വെറുതെവിട്ടു. മഞ്ചേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി ജഡ്ജി എ.വി. ടെല്ലസാണ് വിധി പറഞ്ഞത്. ശിക്ഷ നാളെ പ്രഖ്യാപിക്കും.

പി.വി.അൻവർ ഉൾപ്പെടെ 26 പേരാണ് കേസിൽ പ്രതികളായത്. കേസ് നടന്നു കൊണ്ടിരിക്കുന്നതിനിടയിൽ പി.വി. ഷൗക്കത്തലി മരണപ്പെട്ടു. പ്രധാന സാക്ഷി കൂറുമാറിയതോടെ നാലാം പ്രതിയായ പി.വി അൻവർ അടക്കം 21 പ്രതികളെ കോടതി നേരത്തെ വെറുതെ വിടുകയും ചെയ്തു.

കൊലപാതകം നടന്ന് 25 വര്‍ഷം ഒളിവിലായിരുന്ന നാലു പ്രതികളാണ് ഇപ്പോൾ വിചാരണ നേരിട്ടത്. പി.വി. അന്‍വറിന്റെ സഹോദരീപുത്രന്‍മാരായ കേസിലെ ഒന്നാം പ്രതി മാലങ്ങാടന്‍ ഷെഫീഖ്, സഹോദരനും മൂന്നാം പ്രതിയുമായ മാലങ്ങാടന്‍ ഷെരീഫ് എന്നിവരും 17ാം പ്രതി നിലമ്പൂര്‍ ജനതപ്പടി കോട്ടപ്പുറം മുനീബ്, 19ാം പ്രതി എളമരം മപ്രം പയ്യനാട്ട്‌തൊടിക കബീര്‍ എന്ന ജാബിര്‍ എന്നിവരുമാണ് വിചാരണ നേരിട്ടത്. ഇവരിൽ ഷെരീഫ്, മുനീബ്, കബീർ എന്നിവരെ കോടതി​ വെറുതെ വിട്ടു.

1995 ഏപ്രില്‍ 13ന് ഒതായി അങ്ങാടിയില്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെ പട്ടാപ്പകല്‍ 11.30ഓടെ പള്ളിപ്പറമ്പൻ അബ്‌ദുൽ മനാഫിനെ (29) അടിച്ചും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. ഓട്ടോ ഡ്രൈവറായിരുന്ന മനാഫിനെ പിതാവ് ആലിക്കുട്ടിയുടെ കൺമുന്നിലിട്ടാണ് കൊന്നത്. സി.ബി.ഐയുടെ മുന്‍ സീനിയര്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ വി.എന്‍. അനില്‍കുമാറാണ് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍.

എടവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.വി. ഷൗക്കത്തലിയുടെ വീട്ടിൽവെച്ച് മകൻ പി.വി. അൻവറിന്റെയും മാലങ്ങാടൻ ഷെഫീഖ്, മാലങ്ങാടൻ സിയാദ്, മാലങ്ങാടൻ ഷെരീഫ് എന്നിവരുടെയും നേതൃത്വത്തിൽ ഗൂഢാലോചന നടത്തി. പിന്നീട് മാരകായുധങ്ങളുമായി എത്തിയ സംഘം അബ്‌ദുൽ മനാഫിന്റെ വീടുകയറി അക്രമിക്കുകയും തുടർന്ന് ഒതായി അങ്ങാടിയിലെത്തി അബ്‌ദുൽ മനാഫിനെ വെട്ടിക്കൊലപ്പെടുത്തുകയും ചെയ്‌തു എന്നാണ് കേസ്.

Tags:    
News Summary - Othayi Manaf murder: PV Anvar's nephew Shafeeq found guilty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.