പ്രതീകാത്മക ചിത്രം

1.19 കോടിയുടെ ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്: പ്രതി പിടിയിൽ

തിരുവനന്തപുരം: ഓൺലൈൻ ട്രേഡിങ് തട്ടിപ്പിലൂടെ തലസ്ഥാനത്തുനിന്ന് 1.19 കോടി രൂപ കവർന്ന കേസിൽ പ്രതി പാലക്കാട്ട് പിടിയിലായി. ഓൺലൈൻ ഷെയർ ട്രേഡിങ്ങിലൂടെ അമിത ലാഭം വാഗ്ദാനം ചെയ്ത് തിരുവനന്തപുരം കടകംപള്ളി സ്വദേശിയിൽനിന്ന് ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യസൂത്രധാരൻ പാലക്കാട് കണ്ണാടി സ്വദേശി രമേശാണ് (47) അറസ്റ്റിലായത്. യുവാവിൽനിന്ന് ഘട്ടംഘട്ടമായി 1,19,83,304 രൂപ തട്ടിയെടുത്തതിന് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസാണ് അറസ്റ്റ് ചെയ്തത്. ബ്രിട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഇൻവെസ്റ്റ്‌മെന്‍റ് കമ്പനിയാണെന്ന വ്യാജേന സോഷ്യൽ മീഡിയ വഴിയാണ് തട്ടിപ്പുകാർ കടകംപള്ളി സ്വദേശിയുമായി സൗഹൃദം സ്ഥാപിച്ചത്. തുടർന്ന് ഓൺലൈൻ ട്രേഡിങ്ങിൽ നിക്ഷേപിച്ചാൽ ഇരട്ടിയിലധികം ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചു. ഇതിനായി യഥാർഥ സ്റ്റോക്ക് മാർക്കറ്റ് ട്രേഡിങ്ങിന് സമാനമായ മൊബൈൽ ആപ്ലിക്കേഷനുകളും വാട്സാപ്പ് ഗ്രൂപ്പുകളും ഇവർ ഉപയോഗിച്ചു.

ഇതിൽ വഞ്ചിതനായ കടകംപള്ളി സ്വദേശി തട്ടിപ്പുകാർ നിർദേശിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് ഓൺലൈൻവഴി പണം കൈമാറി. എന്നാൽ, ലാഭവിഹിതമോ നിക്ഷേപിച്ച തുകയോ തിരികെ ലഭിക്കാതെ വന്നതോടെയാണ് പരാതി നൽകിയത്. സൈബർ കുറ്റകൃത്യങ്ങൾ വ്യാപകമാകുന്നതിന്‍റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണരുടെ നിർദേശപ്രകാരമാണ് പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം ആരംഭിച്ചത്.

ബാങ്ക് ഇടപാടുകളുടെ രേഖകളും മൊബൈൽ ടവർ ലൊക്കേഷനുകളും കേന്ദ്രീകരിച്ച് നടത്തിയ അത്യാധുനിക സൈബർ അന്വേഷണത്തിലൂടെയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. തട്ടിപ്പിന് ഉപയോഗിച്ച നിരവധി മൊബൈൽ ഫോണുകൾ, ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകൾ, വ്യാജ രേഖകൾ എന്നിവ പിടിച്ചെടുത്തു. സിറ്റി പൊലീസ് കമീഷണർ കെ. കാർത്തികിന്‍റെ നിർദേശപ്രകാരം ഡി.സി.പി തപോഷ് ബസുമതാരിയുടെ മേൽനോട്ടത്തിൽ സൈബർ ക്രൈം എ.സി.പി എം.കെ. ഷാജി, ഇൻസ്പെക്ടർ എ.കെ. ഷെറി, സിവിൽ പൊലീസ് ഓഫിസർമാരായ വിപിൻ, അഖിൽ എസ്. രവീന്ദ്രൻ, നസീം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags:    
News Summary - Online trading fraud worth Rs 1.19 crore: Accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.