പണം വെച്ച് ശീട്ടുകളിക്കുന്നുവെന്ന വിവരത്തെ തുടർന്ന് കോട്ടക്കൽ കോട്ടപ്പടി തോക്കാപാറ റോഡിലെ ക്ലബിൽ പൊലീസ് നടത്തിയ പരിശോധനയിൽ പിടിയിലായവർ
കോട്ടക്കൽ: ഓൺലൈൻ വഴി പണമടച്ചുള്ള ശീട്ടുകളി കേന്ദ്രത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ ഏഴുപേർ അറസ്റ്റിലായി. ക്ലബിന്റെ മറവിൽ ഹൈടെക് രീതിയിൽ പണംവെച്ച് ശീട്ടുകളിക്കുന്നുവെന്ന വിവരത്തെ തുടർന്നായിരുന്നു പരിശോധന.
വേങ്ങര കച്ചേരിപ്പടി സ്വദേശി കച്ചേരിപ്പറമ്പിൽ അലവി (62), കൂട്ടായി മൂന്നുടിക്കൽ തൗഫീഖ് (48), താനാളൂർ വെള്ളിയത്ത് ഹംസ (61), വേങ്ങര ഉള്ളാടൻ അബൂബക്കർ (55), കോട്ടപ്പുറം വില്ലൻ അബ്ദുല്ലത്തീഫ് (40), മലപ്പുറം പൊട്ടൻചോല കൽപ്പറ്റ അബ്ദുസ്സലാം (55), ചേറൂർ കിളിനക്കോട് പുത്തൻകടവത്ത് സെയ്തലവി (55) എന്നിവരെയാണ് കോട്ടക്കൽ എസ്.ഐ എസ്.കെ. പ്രിയൻ അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് 3000 രൂപയും പിടിച്ചെടുത്തു. കോട്ടപ്പടി തോക്കാപാറ റോഡിലെ കെട്ടിടത്തിൽ പടിഞ്ഞാക്കര ലയൺ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് എന്ന പേരിലാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്.
ആധുനിക രീതിയിലുള്ള മുറികൾ, ഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യം, മദ്യം, ഭക്ഷണപദാർഥങ്ങൾ എന്നിവയെല്ലാം ഒരുക്കിയായിരുന്നു പ്രവർത്തനം. പലനിറങ്ങളിലുള്ള ടോക്കണുകളിലെ ക്യൂ.ആർ കോഡ് സ്കാനിങ് ഉപയോഗിച്ചാണ് പണമിടപാടെന്ന് പൊലീസ് പറയുന്നു. പിടിക്കപ്പെടാതിരിക്കാൻ കെട്ടിടത്തിന് പുറത്തുവെച്ചായിരുന്നു പണമിടപാട്.
സ്റ്റേഷൻ ഇൻസ്പെക്ടർ അശ്വിന്ത് കാരാമയിന്റെ നിർദേശപ്രകാരം എസ്.ഐയുടെ നേതൃത്വത്തിൽ സി.പി.ഒമാരായ ബിജു, ജിനേഷ്, രതീഷ്, ഡാൻസഫ് ടീം അംഗങ്ങളായ ജസീർ, ദിനേശൻ എന്നിവരാണ് പരിശോധന നടത്തിയത്. പണമിടപാടുമായുള്ള വിവരങ്ങൾ അന്വേഷിച്ചുവരുകയാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.