ആലുവ: മൊബൈൽ സിമ്മിന്റെ കെ.വൈ.സി അപ്ഡേറ്റ് ചെയ്യാൻ പറഞ്ഞെത്തിയ മെസേജിന് മറുപടി നൽകിയ വൈപ്പിൻ സ്വദേശിയായ യുവാവിന് നഷ്ടപ്പെട്ടത് ഒരുലക്ഷം രൂപ. നാല് മാസത്തെ അന്വേഷണത്തിനൊടുവിൽ റൂറൽ ജില്ല സൈബർ സെൽ പണം തിരികെയെടുത്ത് നൽകി. കെ.വൈ.സി അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ സിം കണക്ഷൻ വിച്ഛേദിക്കുമെന്നായിരുന്നു സന്ദേശം. വിശദാംശങ്ങൾ അറിയാൻ ബന്ധപ്പെടാൻ കമ്പനിയുടേതെന്ന് തോന്നിപ്പിക്കുന്ന മൊബൈൽ നമ്പർ നൽകിയിരുന്നു. യുവാവ് ഉടൻ നമ്പറിൽ ബന്ധപ്പെട്ടു. കമ്പനിയുടെ ജീവനക്കാർ എന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പുസംഘം സംസാരിച്ചത്.
മൊബൈൽ കമ്പനിയുടേതെന്ന് പറഞ്ഞ് ഒരു ആപ്ലിക്കേഷൻ എത്രയും പെട്ടെന്ന് ഡൗൺലോഡ് ചെയ്യാൻ സംഘം ആവശ്യപ്പെട്ടതനുസരിച്ച് യുവാവ് ആപ് ഡൗൺലോഡ് ചെയ്തു. തുടർന്ന് 15 രൂപ ആപ്പിലൂടെ ചാർജ് ചെയ്യാൻ പറഞ്ഞു. ചാർജ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ അക്കൗണ്ടിൽനിന്ന് രണ്ട് പ്രാവശ്യമായി ഒരുലക്ഷം രൂപ തട്ടിപ്പുസംഘം കൈക്കലാക്കി. ഉടൻ യുവാവ് ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി.
തട്ടിയെടുത്ത തുക ഉപയോഗിച്ച് സംഘം എയർ ടിക്കറ്റ് ബുക്ക് ചെയ്യുകയായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. തുടർന്ന് സൈബർസെൽ ഇടപെട്ട് ഇടപാടുകൾ മരവിപ്പിക്കുകയും നഷ്ടപ്പെട്ട തുക യുവാവിന്റെ അക്കൗണ്ടിലേക്ക് തിരികെ എത്തിക്കുകയുമായിരുന്നു. എ.എസ്.ഐ ടി.ബി. ബിനോയി, സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.ആർ. രാഹുൽ, സി.പി.ഒ സി.എ. ജെറീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. യുവാവ് ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്റെ അടുത്ത് നേരിട്ടെത്തി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.