കാസർകോട്: പ്രവാസി യുവാവ് പുത്തിഗെ മുഗു റോഡ് അബൂബക്കർ സിദ്ദീഖിനെ (31) തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ഒരുമാസം പിന്നിട്ടിട്ടും പ്രധാന പ്രതികൾ കാണാമറയത്ത്. സംഭവത്തിൽ ആറുപേർ പിടിയിലായത് ഒഴിച്ചാൽ പ്രധാനികൾ എല്ലാം നാടുവിട്ടതാണ് അന്വേഷണ സംഘത്തെ കുഴക്കുന്നത്. അക്രമികളെ പിടികൂടാൻ ഏതറ്റം വരെ പോകുമെന്നും അന്വേഷണം നേരായ ദിശയിലാണെന്നും ജില്ലയിലെ എം.എൽ.എമാർക്ക് മുഖ്യമന്ത്രി നിയമസഭയിൽ ഉറപ്പുനൽകിയിരുന്നു.
കഴിഞ്ഞ ജൂൺ 26നാണ് ഗൾഫിൽനിന്നു വിളിച്ചുവരുത്തി പൈവളിഗെയിലെ വീട്ടിൽ എത്തിച്ച് ക്വട്ടേഷൻ സംഘം സിദ്ദീഖിനെ കൊലപ്പെടുത്തിയത്. തുടർന്ന് രാത്രി ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് സംഘം കടന്നു രക്ഷപ്പെട്ടു.
കൊലപാതകത്തിൽ നേരിട്ടു പങ്കാളികളായ ക്വട്ടേഷൻ സംഘാംഗങ്ങൾ ഉൾപ്പെടെ പത്തോളം പേരെയും പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചവരെയുമാണ് ഇനി പിടിക്കാനുള്ളത്. ഇതിൽ പലരും വിദേശത്തേക്കു കടന്നതായാണ് സൂചന. പാസ്പോർട്ട് ഉപയോഗിച്ച് രാജ്യം വിടാതിരിക്കാൻ വിമാനത്താവളങ്ങളിൽ പൊലീസ് ലുക്കൗട്ട് നോട്ടീസ് നൽകിയിരുന്നു. ഇത് മറികടക്കാൻ നേപ്പാൾ വഴിയോ വ്യാജ പാസ്പോർട്ട് വഴിയോ പ്രതികൾ നാടുവിട്ടെന്നാണ് നിഗമനം.
മഞ്ചേശ്വരം ഉദ്യാവർ റിയാസ് ഹസ്സൻ (33), ഉപ്പള ബി.ടി റോഡ് അബ്ദുൽ റസാഖ് (46), കുഞ്ചത്തൂർ അബൂബക്കർ സിദ്ദീഖ് (33), മഞ്ചേശ്വരം ഉദ്യാവർ ജെ.എം റോഡിലെ അബ്ദുൽ അസീസ് (36), അബ്ദുൽ റഹീം (41), പൈവളിഗെ കായർക്കട്ട ഹൗസിൽ പി. അബ്ദുൽ റഷീദ് (28) എന്നിവരാണ് ഇതിനകം പിടിയിലായവർ. കേസിലെ പ്രധാന പ്രതികളായ രണ്ടുപേർ കൃത്യം നടത്തിയയുടൻ നാടുവിട്ടു. പൊലീസ് നടപടികൾ ശക്തമാക്കിയശേഷമാണ് സംഘത്തിലെ നാലുപേർ കൂടി രാജ്യം വിട്ടത്.
ഉപ്പളയിലെ ട്രാവൽ ഉടമയും ചില സുഹൃത്തുക്കളും ചേർന്നാണ് ഗൂഢാലോചന നടത്തിയതെന്നാണ് പൊലീസ് നിഗമനം. കൊല്ലപ്പെട്ട അബൂബക്കർ സിദ്ദീഖിന്റെ കൈവശം കൊടുത്ത ഡോളർ അടങ്ങിയ ബാഗ് ഗൾഫിലെ യഥാർഥ ആളുടെ കൈവശം നൽകാതെ വഞ്ചിച്ചുവെന്ന പേരിലാണ് കൊലപാതകം. ഗൾഫിലുള്ള സിദ്ദീഖിനെ നാട്ടിലെത്തിക്കുന്നതിനായി കൊലപാതകം നടന്നതിന്റെ രണ്ട് ദിവസം മുമ്പ് സഹോദരനെയും സുഹൃത്തിനെയും കാറിൽ തട്ടിക്കൊണ്ടു പോയി മർദിച്ചിരുന്നു. മർദനത്തിനൊടുവിൽ സിദ്ദീഖിനെ വിളിച്ചുവരുത്തിയാണ് സംഘം വകവരുത്തിയത്.
കാസർകോട് ഡിവൈ.എസ്.പി വി.വി.മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.