അപമാനിച്ചതിന്റെ പ്രായശ്ചിത്തം; മധ്യപ്രദേശിൽ ഒ.ബി.സി യുവാവിനെ ബ്രാഹ്മണന്റെ കാൽ കഴുകിയ വെള്ളം കുടിപ്പിച്ചു

ഭോപാൽ: മധ്യപ്രദേശിലെ ദാമോഹ് ജില്ലയിൽ ഒ.ബി.സി വിഭാഗത്തിൽ പെട്ട യുവാവിനെതിരെ കടുത്ത ജാതീയ പീഡനം. ഒ.ബി.സി യുവാവിനെ ബ്രാഹ്മണന്റെ കാൽ കഴുകിയ വെള്ളം കുടിക്കാൻ നിർബന്ധിക്കുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ബ്രാഹ്മണനെ അപമാനിച്ചുവെന്നാരോപിച്ചാണ് ഇത്തരത്തിലുള്ള ശിക്ഷ നൽകിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുശ്വാഹ സമുദായത്തിലെ അംഗത്തിന്റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ഒ.ബി.സി വിഭാഗത്തിൽ പെട്ട പർഷോട്ടം കുശ്വാഹയോടാണ് ഗ്രാമവാസികളുടെ മുന്നിൽ വെച്ച് ബ്രാഹ്മണനായ അന്നു പാണ്ഡെയുടെ കാൽ കഴുകിയ വെള്ളം കുടിക്കാൻ ആവശ്യപ്പെട്ടത്. തുടർന്ന് ബ്രാഹ്മണ സമുദായത്തോട് മുഴുവൻ മാപ്പുപറയിക്കുകയും ചെയ്തു. അതിനു പുറമെ, 5100 രൂപ പിഴയീടാക്കുകയും ചെയ്തു.

തുടർന്ന് സംഭവം ഗ്രാമീണർ തമ്മിലുള്ള തർക്കമായി മാറി. അന്നുവും പർഷോട്ടവും താമസിക്കുന്ന സതാരിയ ഗ്രാമത്തിൽ അടുത്തിടെ മദ്യം നിരോധിച്ചിരുന്നു. എന്നാൽ നിരോധനം മറികടന്ന് അന്നു പാണ്ഡെ മദ്യം വിൽപ്പന നടത്തി. ഇത് പിടിക്കപ്പെട്ടപ്പോൾ ഗ്രാമീണർ അ​യാളെ കൊണ്ട് പരസ്യമായി മാപ്പുപറയിപ്പിക്കുകയും 21,00 രൂപ പിഴയീടാക്കുകയും ചെയ്തു.

എന്നാൽ കാര്യങ്ങൾ ഇവിടെ അവസാനിച്ചില്ല. അന്നു ഷൂമാല കഴുത്തിലണിഞ്ഞു നിൽക്കുന്ന എ.ഐ വിഡിയോ ഉണ്ടാക്കി പർഷോട്ടം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. പോസ്റ്റിട്ട് മിനിറ്റുകൾക്കകം അന്നു അത് ഡിലീറ്റ് ചെയ്യുകയും മാപ്പുപറയുകയും ചെയ്തു. എന്നാൽ ആ വിഡിയോ ബ്രാഹ്മണ സമുദായത്തെ മുഴുവൻ അപമാനിക്കുന്നതാണെന്ന് പറഞ്ഞ് ചിലർ രംഗത്തുവരികയായിരുന്നു. ഇതോടെ ഗ്രാമവാസികൾ ജാതീയമായി ചേരിതിരിഞ്ഞ് ഏറ്റുമുട്ടി.

അതിനു പിന്നാലെയാണ് ശിക്ഷയായി അന്നുവിന്റെ കാൽ കഴുകിയ വെള്ളം കുടിക്കാനും ബ്രാഹ്മണ സമുദായത്തോട് മുഴുവൻ മാപ്പുപറയാനും പർഷോട്ടത്തിനോട് ആവശ്യപ്പെടുന്നത്.

അതു പ്രകാരം പർഷോട്ടം കുനിഞ്ഞിരുന്ന് അന്നുവിന്റെ കാൽ കഴുകുകയും ആ വെള്ളം കുടിക്കുകയും ചെയ്തു. ആരോ ആ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുകയായിരുന്നു. അതിനു പിന്നാലെ സംഭവം രാഷ്ട്രീയവത്കരിക്കരുതെന്നും തെറ്റ് ചെയ്തതിന്റെ ശിക്ഷ താൻ അനുഭവിക്കുക മാത്രമാണുണ്ടായതെന്നും പറയുന്ന വിഡിയോയുമായി പർഷോട്ടം രംഗത്തുവന്നു.

''ഞാനൊരു തെറ്റു ചെയ്തു. അതിന് മാപ്പുപറയുകയും ചെയ്തു. അന്നു പാണ്ഡെ എന്റെ കുടുംബത്തിന്റെ ഗുരുവാണ്. ഈ സംഭവം ഒരിക്കലും രാഷ്ട്രീയവത്കരിക്കരുത്. ആ വിഡിയോ ആരും സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കരുത്. പരസ്പരധാരണയോടെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചതാണ്.എന്നാൽ ചിലയാളുകൾ അത് രാഷ്ട്രീയവത്കരിക്കാൻ നോക്കുകയാണ്. ഞങ്ങൾ തമ്മിൽ ഒരു ഗുരു-ശിഷ്യ ബന്ധമാണുള്ളത്​''-എന്നാണ് പർഷോട്ടം വിഡിയോയിൽ പറയുന്നത്.

Tags:    
News Summary - OBC man made to wash Brahmin's feet drink water to atone for insult

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.