ഹരിപ്പാട്: നിരോധിത പുകയില ഉൽപന്നങ്ങളുടെ വിൽപന നടത്തിയ അച്ഛനും മകനും പിടിയിലായി. ആർ.കെ. ജങ്ഷന് സമീപം കച്ചവടം നടത്തുന്ന ജോൺസൺ (60), മകൻ മോൻസി ജോൺ (24) എന്നിവരെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. കടക്കുള്ളിലും ഇതിനോട് ചേർന്നുള്ള വീട്ടിലും രഹസ്യമായി സൂക്ഷിച്ചിരുന്ന 210 പാക്കറ്റ് ഹാൻസ് നിരോധിത പുകയില ഉൽപന്നങ്ങളും ലഹരി വിൽപനയിലൂടെ സമാഹരിച്ചതെന്ന് കരുതുന്ന എട്ടര ലക്ഷം രൂപയുമാണ് ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്.
പ്രതികൾ ലഹരിവസ്തുക്കളുടെ വിൽപന പണവും കടക്കുള്ളിലെ രഹസ്യ അറകളിലാണ് സൂക്ഷിച്ചിരുന്നത്. പരിശോധനക്കെത്തിയ ഡോഗ് സ്ക്വാഡിലെ പൊലീസ് നായ ലഹരിമരുന്നിന്റെ സാന്നിധ്യം മണത്തുപിടിച്ചതോടെ പൊലീസ് ഇവിടെ പരിശോധന നടത്തുകയായിരുന്നു. ഇതോടെയാണ് പുകയില ഉൽപന്നങ്ങൾ പിടികൂടിയത്. പ്രദേശത്തെ സ്കൂൾ-കോളജ് വിദ്യാർഥികളെയും ഇതരസംസ്ഥാന തൊഴിലാളികളെയും ലക്ഷ്യമിട്ടാണ് ഇവർ വിൽപ്പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.
പ്രദേശത്തെ സ്ഥിരം ലഹരി വിൽപനക്കാരാണ് പിടിയിലായ പ്രതികൾ. ലഹരിവസ്തുക്കളുടെ വിൽപനയുമായി ബന്ധപ്പെട്ട് മാത്രം നിലവിൽ നാൽപ്പതോളം കേസുകൾ ഇവർക്കെതിരെയുണ്ട്. മുമ്പ് ഇതേ കടയിൽ പരിശോധനക്കായി എത്തിയ ജില്ല ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങളെ മുറിക്കുള്ളിലിട്ട് പൂട്ടിയിട്ട് ആക്രമിക്കാൻ ശ്രമിച്ച കേസിലും ഇവർ ഉൾപ്പെട്ടിട്ടുള്ളതായി പൊലീസ് വ്യക്തമാക്കി. ഹരിപ്പാട് എസ്.എച്ച്.ഒ വി. ഷിബുവിന്റെ നേതൃത്വത്തിലുള്ള ഹരിപ്പാട് പൊലീസും ഡാൻസാഫും ഡോഗ് സ്ക്വാഡും സംയുക്തമായാണ് പരിശോധനക്ക് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.