പ്രസൽ പ്രധാൻ
കോഴിക്കോട്: കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ. രാമനാട്ടുകര, ഹൈലൈറ്റ് മാൾ, മാങ്കാവ് ഭാഗങ്ങളിൽ കഞ്ചാവ് മൊത്തവിൽപന നടത്തി വന്ന ആളാണ് പിടിയിലായത്. 11 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പ്രസൽ പ്രധാനാണ് (47) അറസ്റ്റിലായത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എ.പി. ഷൗക്കത്തലിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണർ എ. പ്രേംജിത്തിന്റെ നേതൃത്വത്തിലുള്ള എ.സി.പി സ്ക്വാഡും ഫറോക്ക് പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
ഭുവനേശ്വറിൽനിന്ന് മൊത്തമായി കഞ്ചാവ് വാങ്ങി കൊമ്മേരി ഭാഗത്ത് വാടകക്ക് താമസിച്ച് നഗര പ്രദേശത്തും ഫറോക്ക് മേഖലയിലും ചില്ലറ വിൽപന നടത്തിവരികയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു. ഇതരസംസ്ഥാന തൊഴിലാളികൾ വഴി ലഹരിവസ്തുക്കൾ നഗരത്തിലേക്ക് എത്തുന്നതായി ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ നിർദേശപ്രകാരമാണ് പരിശോധന നടത്തിയത്.
പെയിന്റിങ് തൊഴിലാളിയായ ഇയാൾ ഇടക്കിടെ നാട്ടിൽ പോകാറുണ്ടെന്നും പൊലീസ് പരിശോധന ഒഴിവാക്കുന്നതിന് പുലർച്ചെ കോഴിക്കോട് എത്തുന്ന സ്ലീപ്പർ ബസിൽ രാമനാട്ടുകരയിൽ ഇറങ്ങി ഓട്ടോറിക്ഷയിൽ താമസസ്ഥലത്തേക്ക് കഞ്ചാവുമായി പോകുകയായിരുന്നു ഇയാളുടെ രീതി. ശേഷം ആവശ്യക്കാർക്ക് ചില്ലറ വിൽപന നടത്തുമെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
പ്രതിയുടെ നീക്കങ്ങൾ നിരീക്ഷിച്ച പൊലീസ് രാമനാട്ടുകരയിൽ ബസിൽനിന്ന് ട്രോളി ബാഗുമായി ഇറങ്ങിയ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബാഗ് പരിശോധിച്ചതിൽ 11 കിലോ കഞ്ചാവ് പാക്ക് ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രതിയിൽനിന്ന് കഞ്ചാവ് വാങ്ങിയവരെയും പൊലീസ് നിരീക്ഷണത്തിലാക്കിയതായും അവരെ സംബന്ധിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.