നെല്ലിയമ്പം ഇരട്ടക്കൊല: അയൽവാസിയായ പ്രതി അറസ്റ്റിൽ

കൽപറ്റ: വയനാട് പനമരം നെല്ലിയമ്പത്ത് വയോധിക ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. കൊല്ലപ്പെട്ട  ദമ്പതികളുടെ അയൽവാസി നെല്ലിയമ്പം കുറുമ കോളനിയിലെ അർജുൻ (24) ആണ് അറസ്റ്റിലായത്. പൊലീസ്​ ചോദ്യം ചെയ്യുന്നതിനിടെ ഇയാൾ ആത്​മഹത്യ ശ്രമം നടത്തിയിരുന്നു. അതിന്​ പിന്നാലെയാണ്​ അറസ്റ്റ്​. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. മാനന്തവാടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇരട്ടക്കൊല കേസ് അന്വേഷിക്കുന്നത്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിൽ മാനന്തവാടി ഡി.വൈ.എസ്.പി ഓഫിസിൽ വെച്ചാണ് യുവാവ് ആത്മഹത്യാശ്രമം നടത്തിയത്. കേസുമായി ബന്ധപ്പെട്ട് വിവരശേഖരണം നടത്തുന്നതിനാണ് ഡിവൈ.എസ്.പി ഓഫിസിലേക്ക് വിളിപ്പിച്ചിരുന്നത്. ഇതിനിടെയാണ് എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പ്രതിയെ വ്യാഴാഴ്ചയാണ് വീണ്ടും പൊലീസ് കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ജൂൺ പത്തിന് രാത്രിയാണ് മുഖംമൂടിധാരികളുടെ ആക്രമണത്തിൽ താഴെ നെല്ലിയമ്പത്തെ കേശവൻ മാസ്റ്ററും (70) ഭാര്യ പത്മാവതിയും (65) കൊല്ലപ്പെട്ടത്. മരിക്കുന്നതിന് മുമ്പ് പത്മാവതി നൽകിയ മൊഴിയിൽ വീടിന് മുകളിൽ നിന്നു മുഖം മൂടി ധരിച്ചെത്തിയ രണ്ട് പേരാണ് തന്നെയും ഭർത്താവിനെയും വെട്ടിയതെന്ന് മൊഴി നൽകിയിരുന്നു. ഈ വിവരത്തിെൻറ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം മുന്നോട്ടുപോയത്.

കൊല്ലപ്പെട്ട കേശവനും ഭാര്യ പത്മാവതിയും 

തുടർന്ന് നടത്തിയ പരിശോധനയിൽ വീടിനരികിലെ ഏണിയിൽ നിന്ന് ലഭിച്ച വിരടലയാളവും കൃഷിയിടത്തിലെ കുളത്തിൽ നിന്നും ലഭിച്ച രക്തംപുരണ്ട വസ്ത്രവും മാത്രമായിരുന്നു അന്വേഷണ സംഘത്തിന് ലഭിച്ച സാഹചര്യ തെളിവുകൾ.

അന്വേഷണത്തിന്‍റെ ഭാഗമായി മുന്നൂറോളം പേരെ ചോദ്യം ചെയ്യുകയും 1200ലധികം ആളുകളുടെ വിരലടയാളം ശേഖരിക്കുകയും ചെയ്​തു. വയനാട് മുതൽ താമരശ്ശേരി വരെയുള്ള സ്ഥലങ്ങളിലെ മുഴുവൻ സി.സി.ടി.വി ദൃശ്യങ്ങളും 80,000ഒാളം ഫോൺ കോളുകളും അന്വേഷണ സംഘം വിശദമായി പരിശോധിച്ചിരുന്നു. കൊലപാതകം നടന്ന് 100 ദിവസത്തിന് ശേഷമാണ് പ്രതി അറസ്റ്റിലാകുന്നത്.

Tags:    
News Summary - Nelliyambam twin murder: Accused arjun Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.