രാംവിലാസ്
ഒളിവിലായിരുന്ന ക്രിമിനൽ കേസ് പ്രതി പിടിയിൽ
മതിലകം: ബ്ലൂടൂത്ത് സ്പീക്കർ തിരികെ ചോദിച്ചതിനെത്തുടർന്നുണ്ടായ തർക്കത്തിൽ ഒരു കുടുംബത്തിലെ നാലുപേരെ മർദിക്കുകയും മണ്ണെണ്ണയൊഴിച്ച് തീകൊളുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ മതിലകം പൊലീസ് പിടികൂടി. മതിലകം കളരിപ്പറമ്പ് കറുത്ത വീട്ടിൽ രാംവിലാസിനെയാണ് (30) പിടികൂടിയത്. കളരിപറമ്പ് കുന്നത്ത് സലീഷ് (40), ഭാര്യ, പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കൾ എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
ജൂലൈ 24ന് രാത്രി എട്ടരയോടെയായിരുന്നു സംഭവം. കുട്ടികൾക്ക് ഡാൻസ് കളിക്കാനായി നൽകിയിരുന്ന ബ്ലൂടൂത്ത് സ്പീക്കർ രാംവിലാസ് തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ഭാര്യയോടൊപ്പം സ്കൂട്ടറിൽ വരികയായിരുന്ന സലീഷിനെ തടഞ്ഞുനിർത്തി മർദിച്ച രാം വിലാസ് തുടർന്ന് വീടിന് പിന്നിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ക്രൂരമായി തല്ലിച്ചതച്ചു.
പിടിച്ചുമാറ്റാൻ ശ്രമിച്ച സലീഷിന്റെ ഭാര്യയെയും രക്ഷിക്കാനെത്തിയ രണ്ട് പെൺമക്കളെയും പ്രതി ആക്രമിച്ചു. തുടർന്ന് എല്ലാവരെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ദേഹത്തേക്ക് മണ്ണെണ്ണയൊഴിച്ച് തീകൊളുത്താൻ ശ്രമിക്കുകയായിരുന്നു. സംഭവശേഷം ഒളിവിൽപോയ പ്രതിയെ എറണാകുളത്തു നിന്നാണ് പിടിച്ചത്.
ഇയാൾ മതിലകം സ്റ്റേഷനിൽ രണ്ട് വധശ്രമം, അഞ്ച് അടിപിടി അടക്കം പത്ത് ക്രിമിനൽ കേസുകൾക്ക് പുറമെ മൂന്ന് തവണ കാപ്പ പ്രകാരം നാടുകടത്തിയ പ്രതിയാണെന്നും പൊലീസ് പറഞ്ഞു,
തൃശൂർ റൂറൽ എസ്.പി മുഹമ്മദ് നദീമിന്റെ നിർദേശാനുസരണം ഡിവൈ.എസ്.പി ആർ. രതീഷ് കുമാർ, എസ്.എച്ച്.ഒ വിമൽ, എസ്.ഐ നസിയ എം. സാഹിബ്, എസ്.ഐ സഞ്ജയ്, ഗ്രേഡ് എസ്.സി.പി.ഒമാരായ മിഥുൻ ആർ. കൃഷ്ണ, ഷനിൽ, മുഹമ്മദ് സൻസിൽ, സി.പി.ഒ മിഥുൻ എന്നിവരാണ് അന്വേഷണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.