യുവതിയും മകളും വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ; ലഹരിക്ക് അടിമയായ ഭർത്താവ് ഒളിവിൽ, പൊലീസ് അന്വേഷണം
അമൃത്സർ: പഞ്ചാബിൽ 40കാരിയായ സ്ത്രീയെയും 10 വയസ്സുകാരിയായ മകളെയും വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. സംഭവത്തിൽ ലഹരിക്ക് അടിമയായ ഭർത്താവിനെതിരെ കൊലപാതക കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. ഗുർദാസ്പുർ ജില്ലയിലെ ബട്ടാലയിലെ ഫ്രണ്ട്സ് കോളനിയിലെ വാടകവീട്ടിലാണ് സംഭവം.
40കാരിയായ ബബ്ലി, മകൾ 10 വയസ്സുകാരിയായ തമന്ന എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നാലെ ഭർത്താവ് ജസ്‍വീന്ദർ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.
ശനിയാഴ്ച രാവിലെ ബബ്ലിയുടെ സഹോദരൻ വിജയ് വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വിളിച്ചിട്ടും കേൾക്കാതായതോടെ വാതിൽ തുറന്ന് പരിശോധിച്ചപ്പോഴാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മൂർച്ചയുള്ള ആയുധം ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. കൊലക്ക് ശേഷം ജസ്‍വീന്ദർ വീട് പൂട്ടി രക്ഷപ്പെട്ടതായും ഇയാളെ കണ്ടെത്തുന്നതിനായി തിരച്ചിൽ ആരംഭിച്ചതായും പൊലീസ് പറഞ്ഞു.
ജസ്‍വീന്ദർ ലഹരിക്ക് അടിമയായിരുന്നെന്നും പലപ്പോഴും ബബ്ലിയെ മർദിച്ചിരുന്നെന്നും കുടുംബം ആരോപിച്ചു. ലഹരിമരുന്ന് വാങ്ങാൻ പണം ആവശ്യപ്പെട്ടിരുന്നതായും പണം നൽകാൻ വിസമ്മതിക്കുമ്പോൾ വഴക്കുണ്ടാക്കിയിരുന്നതായും ബബ്ലിയുടെ സഹോദരൻ വിജയ് പറഞ്ഞു.
കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റി. ഫോറൻസിക് സംഘം സ്ഥലത്ത് പരിശോധന നടത്തുകയും ചെയ്തു. സമീപപ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.