പത്തനംതിട്ട: മൈലപ്രയിൽ കടയിൽ കൊലചെയ്യപ്പെട്ട വ്യാപാരി പുതുവൽ സ്റ്റോഴ്സ് ഉടമ ജോർജ് ഉണ്ണൂണ്ണിയുടെ (73) കഴുത്തിൽനിന്ന് പ്രതികൾ പൊട്ടിച്ചെടുത്ത സ്വർണമാല കണ്ടെത്തി. പത്തനംതിട്ട നഗരത്തിലെ ആഭരണ ശാലയിൽനിന്ന് 57 ഗ്രാം സ്വർണം ഞായറാഴ്ചയാണ് കണ്ടെടുത്തത്.
പ്രതി പത്തനംതിട്ട വലഞ്ചുഴി ജമീല മൻസിലിൽ നിയാസുമായി നടത്തിയ തെളിവെടുപ്പിലാണ് സ്വർണം കണ്ടെടുത്തത്. ഇയാളുടെ വീട്ടിൽനിന്ന് 2.33ലക്ഷം രൂപയും ലഭിച്ചു. ഒരുലക്ഷത്തോളം രൂപ പ്രതികൾ വീതിച്ചെടുത്തു.
തെളിവെടുപ്പിനായി നിയാസിനെയും തമിഴ്നാട്ടുകാരായ മുരുകൻ, സുബ്രഹ്മണ്യൻ എന്നിവരെയും പൊലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. തെളിവെടുപ്പിന് ശേഷം ഞായറാഴ്ച വൈകീട്ട് മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അപേക്ഷ നൽകുമെന്ന് പൊലീസ് അറിയിച്ചു. മറ്റൊരു പ്രതി തെങ്കാശ്ശി മുത്തുകുമാർ (ഡോൺ) ഒളിവിലാണ്.
മൈലപ്ര പുതുവേലിൽ സ്വദേശി ജോർജ് ഉണ്ണൂണ്ണിയെ (73) ഡിസംബർ 30നാണ് കൊലപ്പെടുത്തിയത്. പ്രതികളെ തമിഴ്നാട് തെങ്കാശ്ശി അയ്യാപുരത്തുനിന്നും മറ്റ് രണ്ടുപേരെ പത്തനംതിട്ടയിൽനിന്നുമാണ് പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തത്.
കടയിലെ സി.സി ടി.വി കാമറയുടെ ഹാർഡ് ഡിസ്ക് പ്രതികൾ കവർച്ച ചെയ്തിരുന്നു. ഇത് പൊലീസ് കണ്ടെടുത്തതായി സൂചനയുണ്ട്. സി.സി ടി.വി ദൃശ്യങ്ങൾ ഇല്ലാതായതോടെ കടയുടെ പരിസരത്തെയും നഗരത്തിലെയും നിരവധി സി.സി ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. അങ്ങനെയാണ് സംശയിക്കത്തക്ക സമയത്ത് ജോർജ് ഉണ്ണൂണ്ണിയുടെ കടയുടെ മുന്നിൽ ഓട്ടോറിക്ഷ എത്തിയതായി കണ്ടെത്തിയത്. ഓട്ടോറിക്ഷയുടെ നമ്പർ കേന്ദ്രീകരിച്ചായി പിന്നീടുള്ള അന്വേഷണം. പ്രതികൾ സഞ്ചരിച്ച ഓട്ടോറിക്ഷ പത്തനംതിട്ട അബാൻ ടവർ പാർക്കിങ് ഏരിയയിൽനിന്ന് കണ്ടെത്തിയിരുന്നു.
നവംബർ അവസാനമാണ് ഹരീബ് മൈലപ്രയിലെ ജോർജ് ഉണ്ണൂണ്ണിയുടെ കടയിൽ സാധനങ്ങൾ വാങ്ങാൻ എത്തുന്നത്. സ്വർണ മാലയും പോക്കറ്റിൽ സൂക്ഷിക്കാറുണ്ടായിരുന്ന പണവും ഹരീബ് ശ്രദ്ധിച്ചിരുന്നു. തനിച്ച് കൃത്യം നടത്താൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതോടെ മുരുകനോട് സഹായം ചോദിക്കുകയായിരുന്നു. മുരുകനും സുബ്രഹ്മണ്യനും മുത്തുകുമാരനും കയർ വാങ്ങാനെന്ന വ്യാജേന കടയിലേക്ക് കയറി.
കയർ നോക്കുന്നതിനിടെ ജോർജ് ഉണ്ണൂണ്ണിയെ മുരുകൻ തള്ളിയിടുകയും വായിൽ തുണി തിരുകുകയും കഴുത്തിൽ കുരുക്കിടുകയും ചെയ്തു. ശേഷം മേശവലിപ്പിലെ സ്വർണവും പോക്കറ്റിലെ 10,000 രൂപയും സ്വർണമാലയും കവർന്നു. ഇതിനിടെ ജോർജ് കൊല്ലപ്പെട്ടു. തമിഴ്നാട് സ്വദേശികള്‍ അന്നുതന്നെ തമിഴ്നാട്ടിലേക്കു കടന്നു. ഹരീബിന്റെ ബന്ധു നിയാസിനെ മാല വിൽക്കാൻ ഏൽപിച്ചു. നഗരത്തിലെ സ്വർണക്കടയിൽ മാല വിറ്റ് 2.33 ലക്ഷം കൈക്കലാക്കി.
അറസ്റ്റിലായ തമിഴ്നാട് സ്വദേശികൾ കൊടുംക്രിമിനലുകള്‍. നിരവധി കൊലക്കേസിലടക്കം പ്രതികളാണ് അറസ്റ്റിലായ രണ്ടുപേരും ഒളിവിൽ കഴിയുന്ന മറ്റൊരു പ്രതിയും. 1996ല്‍ കുറ്റാലത്ത് വിദേശ ദമ്പതികളെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് ഒന്നാം പ്രതി മുരുകൻ.
വിദേശ ദമ്പതികളിൽ ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം ഭാര്യയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. തമിഴ്നാട് സ്വദേശികളായ മറ്റ് രണ്ടു പ്രതികളുടെ പേരിലും ഇരുപതോളം കേസുണ്ട്. ഹരീബ് തമിഴ്നാട് പാളയംകോട്ട ജയിലിൽ കഴിയുമ്പോഴാണ് മുഖ്യപ്രതി മുരുകനുമായി പരിചയത്തിലാവുന്നത്. ജോർജിന്റെ കടയിൽ എത്തിയതിനു ശേഷമാണ് മുരുകനുമായി സംസാരിച്ച് മോഷണത്തിന് പദ്ധതിയിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.