റഫീഖ് സേഖ്, ജിക്രിയ മാലിക്, യാക്കൂബ് സേഖ്,
അനീസുർ റഹ്മാൻ സേഖ്
പട്ടാമ്പി: പശ്ചിമബംഗാൾ സ്വദേശി ഇബ്രാഹിം കൊക്കൂണിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതികളായ റഫീഖ് സേഖ് (46), ജിക്രിയ മാലിക് (37), യാക്കൂബ് സേഖ് (63 )എന്നിവർക്ക് ജീവപര്യന്തം കഠിനതടവും 75,000 രൂപ വീതം പിഴയും വിധിച്ചു. ഒളിവിൽ പോയ നാലാംപ്രതി അനീസുർ റഹ്മാൻ സേഖിനെതിരെ (45) കേസ് നിലനിൽക്കും. പാലക്കാട് സെക്കൻഡ് അഡീഷനൽ ജഡ്ജി സ്മിത ജോർജാണ് വിധി പറഞ്ഞത്. കൊല്ലപ്പെട്ട ഇബ്രാഹിം കൊക്കൂണും പ്രതികളും ബംഗാളിൽനിന്ന് നിർമാണ ജോലിക്കായി വന്ന പട്ടാമ്പിയിൽ താമസിക്കുകയായിരുന്നു.
2013 ഒക്ടോബർ നാലിന് പുലർച്ച പട്ടാമ്പിയിൽ ഭാരതപ്പുഴയിലേക്ക് മണൽ വാരാനെന്ന വ്യാജേന കൂട്ടിക്കൊണ്ടുപോയി ഇബ്രാഹിം കൊക്കൂണിനെ കഴുത്തറുത്തു കൊല്ലുകയായിരുന്നു. ഇബ്രാഹിം കൊക്കൂണിന്റെ ഭാര്യയുമായി ഒന്നാം പ്രതി റഫീഖ് സേഖിനുണ്ടായിരുന്ന അവിഹിതബന്ധം കണ്ടെത്തിയതിനെത്തുടർന്ന് തന്നെ കൊല്ലുമെന്ന ഭയത്താൽ റഫീഖ് സേഖ് കൂട്ടുകാർക്കൊപ്പം ചേർന്ന് ഇബ്രാഹിമിനെ കൊലപ്പെടുത്തുകയായിരുന്നെന്നാണ് കേസ്.
മുറിച്ചുമാറ്റിയ തല രണ്ടാം പ്രതിയുടെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയത് നിർണായക തെളിവായി. പ്രോസിക്യൂഷനുവേണ്ടി മുൻ അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അരവിന്ദാക്ഷൻ, അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എം. മനോജ് കുമാർ എന്നിവർ ഹാജരായി.
പട്ടാമ്പി സി.ഐയായിരുന്ന കെ.എം. ദേവസ്യയാണ് പ്രാഥമികാന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്. തുടർന്ന് സി.ഐ സണ്ണി ചാക്കോ ഏറ്റെടുത്ത കേസിൽ കുറ്റപത്രം തയാറാക്കി സമർപ്പിച്ചത് അന്നത്തെ സർക്കിൾ ഇൻസ്പെക്ടർ എ.ജെ. ജോൺസണായിരുന്നു. പട്ടാമ്പി സ്റ്റേഷനിലെ സീനിയർ സി.പി.ഒ ശിവദാസൻ പ്രോസിക്യൂഷൻ നടപടിക്രമങ്ങളുടെ ഏകോപനത്തിനായി പ്രവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.