ദുബൈ: താമസ കെട്ടിടത്തിന്റെ ലിഫ്റ്റിൽ വെച്ച് 10 വയസ്സുകാരിയെ ആക്രമിച്ച പാകിസ്താനി യുവാവിന് മൂന്ന് മാസം തടവുശിക്ഷ വിധിച്ച് ദുബൈ കോടതി. ദുബൈ അൽ സൂഖ് അൽ കബീർ മേഖലയിൽ കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നിന് രാത്രി 7.30നാണ് സംഭവം.
വീട്ടിലേക്ക് പോകാനായി ലിഫ്റ്റിൽ കയറിയതായിരുന്നു പെൺകുട്ടി. ഈ സമയം ലിഫ്റ്റിൽ കയറിയ യുവാവ് പെൺകുട്ടിയോട് സംസാരിക്കുകയും അനുമതിയില്ലാതെ കുട്ടിയെ സ്പർശിക്കുകയുമായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്.
വീട്ടിലെത്തിയ പെൺകുട്ടി വിവരം മാതാവിനെ അറിയിക്കുകയും ഇവർ ഭർത്താവിനെ വിളിച്ചുവരുത്തുകയും ചെയ്തു. ഭർത്താവ് എത്തി പ്രതിയെ നേരിടുകയും പൊലീസിൽ വിവരം നൽകുകയുമായിരുന്നു. പൊലീസെത്തി പ്രതിയെ അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു.
ഫ്ലാറ്റിന് സമീപത്തായി പിതാവിനൊപ്പം ജോഗിങ് പൂർത്തിയാക്കിയ ശേഷമാണ് പെൺകുട്ടി ലിഫ്റ്റിൽ കയറിയത്. ഇതിനിടെ എത്തിയ പാക് യുവാവ് ജോഗിങ്ങിനെക്കുറിച്ചും വ്യായാമത്തെക്കുറിച്ചും പെൺകുട്ടിയോട് സംസാരിച്ചുതുടങ്ങിയെങ്കിലും പെൺകുട്ടി ഇത് അവഗണിച്ചു. തുടർന്ന് പ്രതി തന്നെ കടന്നുപിടിക്കാൻ ശ്രമിച്ചതായി പെൺകുട്ടി മൊഴി നൽകി.
എന്നാൽ, താൻ പെൺകുട്ടിയെ വ്യായാമം ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും മനഃപൂർവം മോശമായി പെരുമാറിയിട്ടില്ലെന്നും പ്രതി കോടതിയെ ബോധിപ്പിച്ചു. ഇത് അംഗീകരിക്കാൻ കോടതി തയാറായില്ല.തുടർന്ന് പ്രതിക്ക് മൂന്നു മാസം ശിക്ഷയും ശേഷം നാടു കടത്താനും ഉത്തരവിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.