കിടപ്പുമുറിയിൽ മിനി ഡിസ്റ്റിലറി; 231 ലീറ്റർ വ്യാജമദ്യവും 88 ലീറ്റർ സ്പിരിറ്റുമായി യുവാവ് പിടിയിൽ

തൃശൂർ: 231.5 ലീറ്റർ വ്യാജമദ്യവും 88 ലീറ്റർ സ്പിരിറ്റും എക്സൈസ് പിടികൂടി. നന്തിപുലം ആറ്റപ്പിള്ളി കുന്നത്ത് പറമ്പിൽ ജിതിനെ (27) എക്സൈസ് അറസ്റ്റ് ചെയ്തു. വാടക വീട്ടിലാണ് വ്യാജ വിദേശമദ്യ നിർമാണകേന്ദ്രം നടത്തിയതെന്നും ഡിസ്റ്റിലറിക്ക് സമാനമായ രീതിയിലായിരുന്നു ഇവിടെത്തെ പ്രവർത്തനങ്ങളെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

തമിഴ്നാട്ടിൽ നിന്നു കടത്തിക്കൊണ്ടുവരുന്ന സ്പിരിറ്റ് ഉപയോഗിച്ചായിരുന്നു മദ്യനിർമാണം നടത്തിയത്. പമ്പിങ് മെഷീൻ സഹിതമുള്ള സന്നാഹങ്ങൾ ഇവിടെയുണ്ടായിരുന്നു. ശിവകാശിയിൽ നിന്ന് അച്ചടിച്ച ലേബലുകൾ ഒട്ടിച്ചാണ് വിദേശമദ്യം വിറ്റിരുന്നത്. 300 രൂപ നിരക്കിലാണ് മദ്യം വിറ്റതെന്നും എക്സൈസ് കണ്ടെത്തി. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി. സന്തോഷ്കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ആറ്റപ്പിള്ളിയിലെ വാടക വീട് റെയ്ഡ് ചെയ്തത്.

കഴിഞ്ഞദിവസം പാറളം ചിറ ഗ്രീൻ ലെയ്ൻ റോഡിൽ സ്കൂട്ടറിൽ 18 ലീറ്റർ മദ്യക്കുപ്പികൾ ചാക്കിൽ നിറച്ചു വിൽപനക്കായി കൊണ്ടുപോകുമ്പോൾ ജിതിനെ എക്സൈസ് പിടികൂടിയിരുന്നു. വ്യാജമായി നിർമിച്ചതാണെന്ന് കണ്ടെത്തിയതോടെ ജിതിന്റെ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് കിടപ്പുമുറി മദ്യനിർമാണശാലയാണെന്നു കണ്ടത്. അലമാരകളിൽ നൂറുകണക്കിന് മദ്യക്കുപ്പികൾ അടുക്കിവച്ച നിലയിലായിരുന്നു. സമീപത്ത് നിന്ന് മദ്യം നിറക്കാനുള്ള മെഷീനും കണ്ടെടുത്തു.

കഴിഞ്ഞ ജൂണിലാണ് ജിതിൻ വീടു വാടകയ്ക്കെടുത്ത് മദ്യനിർമാണം ആരംഭിച്ചത്. ജിതിന്റെ വീട്ടുകാർ ഏതാനും കിലോമീറ്റർ അകലെയുള്ള വീട്ടിലാണ് താമസം. മുമ്പ് വിദേശത്ത് ജോലി ചെയ്തിരുന്ന സമയത്ത് സ്പിരിറ്റ് ഉപയോഗിച്ചു വ്യാജമദ്യം നിർമിക്കുന്ന വിധം ജിതിൻ മനസ്സിലാക്കിയിരുന്നു. തമിഴ്നാട്ടിൽ നിന്നുള്ള ഇടനിലക്കാരൻ വഴി സ്പിരിറ്റ് തരപ്പെടുത്തുന്നതായിരുന്നു രീതി. ശിവകാശിയിൽ നിന്ന് ലേബലുകൾ ഹോളോഗ്രാം സഹിതം പ്രിന്റ് ചെയ്ത് എത്തിച്ചിരുന്നതും ഇയാൾ തന്നെ. വിൽപനക്കായി ഇടനിലക്കാരെ ജിതിൻ സംഘടിപ്പിച്ചു.

സ്കൂട്ടറിൽ പലയിടങ്ങളിലായി ജിതിൻ ഇടനിലക്കാർക്ക് എത്തിച്ചു നൽകും. കോടന്നൂരിലെ ഇടനിലക്കാരന് മദ്യം നൽകാനുള്ള യാത്രക്കിടയിലാണ് പിടിക്കപ്പെട്ടത്. വിപണിയിൽ അര ലീറ്ററിന് 500 രൂപയോളം വിലയുള്ള വിദേശമദ്യത്തിന്റെ വ്യാജ പതിപ്പാണ് ജിതിൻ നിർമിച്ചിരുന്നത്. ഒരാഴ്ചയിലേറെയായി ഇയാൾ എക്സൈസ് നിരീക്ഷണത്തിലായിരുന്നു. അസി. ഇൻസ്പെക്ടർ വി.ആർ. ജോർജ്, പ്രിവന്റിവ് ഓഫിസർമാരായ പി.കെ. സുനിൽ, വി.വി. കൃഷ്ണകുമാർ, കെ.ആർ. രഞ്ജിത്ത്, സിവിൽ എക്സൈസ് ഓഫിസർ കെ.സി. രഞ്ജിത്ത്, സി.എ. വൈഷ്ണവ്, കെ.എസ്. ശ്യാമലത, പി.എസ്. സിജൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Tags:    
News Summary - Mini distillery in bedroom; Youth arrested with 231 liters of fake liquor and 88 liters of spirits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.