കൊല്ലപ്പെട്ട അങ്കിതയെ ബി.ജെ.പി നേതാവിന്റെ മകൻ വേശ്യാവൃത്തിക്ക് നിർബന്ധിച്ചെന്ന് തെളിയിക്കുന്ന സന്ദേശങ്ങൾ പുറത്ത്

ഡെറാഡൂൺ: ഉത്തരാഖണ്ഡ‍ിൽ ബി.ജെ.പി നേതാവിന്റെ മകന്റെ അറസ്റ്റിലേക്ക് നയിച്ച അങ്കിത ഭണ്ഡാരി കൊലക്കേസിൽ നിർണായക വാട്സ് ആപ് സന്ദേശങ്ങൾ പുറത്ത്. അങ്കിത സുഹൃത്തിന‌യച്ച സന്ദേശങ്ങളാണ് പ്രതികൾക്കെതിരായ ആരോപണങ്ങൾ ശരിവെക്കുന്നത്. പ്രതികൾ അങ്കിതയെ വേശ്യാവൃത്തിക്ക് നിർബന്ധിച്ചെന്ന് തെളിയിക്കുന്നതാണിത്.

റിസോർട്ടിൽ റിസപ്ഷനിസ്റ്റായിരിക്കെ അനുഭവിച്ച ദുരിതങ്ങളെ കുറിച്ചും സുഹൃത്തിനയച്ച സന്ദേശങ്ങളിൽ പറയുന്നുണ്ട്. റിസോർട്ടിലെത്തുന്ന വി.വി.ഐ.പികൾക്കായി 'പ്രത്യേക സേവനം' നൽകാൻ തന്നെ നിർബന്ധിച്ചെന്ന് സന്ദേശങ്ങളിലുണ്ട്. 10,000 രൂപ അധികം നൽകുന്ന അതിഥികൾക്കാണ് ഇങ്ങനെ സേവനം നൽകേണ്ടതെന്ന് റിസോർട്ട് ഉടമ പുൾകിത് ആര്യയും കൂട്ടാളികളും പറഞ്ഞതായും ഇതിൽ പറയുന്നു. വാട്സ് ആപ് സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ടുകൾ പൊലീസ് ശേഖരിച്ചു.

സന്ദേശം അയച്ചത് അങ്കിത തന്നെയെന്ന് പ്രാഥമിക അന്വേഷണത്തിൽ ബോധ്യമായതായും കൂടുതൽ വ്യക്തതക്ക് ഫോറൻസിക് പരിശോധന ഉൾപ്പെടെ നടത്തുമെന്നും പൊലീസ് അറിയിച്ചു. റിസോർട്ടിൽ ജോലി ചെയ്യുമ്പോൾ ഒരു അതിഥി തന്നെ മോശമായ രീതിയിൽ സ്പർശിച്ച കാര്യവും അങ്കിത സുഹൃത്തിനോട് പറഞ്ഞിട്ടുണ്ട്. ഇക്കാര്യം അറിയിച്ചപ്പോൾ മദ്യപിച്ചിരുന്ന സമയത്തല്ലേ, വിട്ടുകള എന്ന് പുൾകിത് ആര്യ പറഞ്ഞതാ‌യും അങ്കിതയുടെ സന്ദേശത്തിലുണ്ട്. സുഹൃത്തിനയച്ച ഓഡിയോ സന്ദേശവും പൊലീസിന് ലഭിച്ചിട്ടുണ്ട്. റിസോർട്ടിലെ മുകൾനിലയിലേക്ക് തന്റെ ബാ​ഗ് കൊണ്ടുവരാൻ പറഞ്ഞ് കരയുന്ന അങ്കിതയുടെ ശബ്ദമാണ് ഓഡിയോയിലുള്ളത്.

കേസിൽ അറസ്റ്റിലായ മുൻ മന്ത്രി വിനോദ് ആര്യയുടെ മകൻ പുൽകിത് ആര്യ, റിസോര്‍ട്ട് മാനേജര്‍ സൗരഭ് ഭാസ്കര്‍, മാനേജര്‍ അങ്കിത് ഗുപ്ത എന്നിവരെ 14 ദിവസത്തേക്ക് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. വിനോദ് ആര്യയെയും മറ്റൊരു മകൻ അങ്കിത് ആര്യയെയും ബി.ജെ.പിയിൽനിന്ന് പുറത്താക്കിയിട്ടുണ്ട്. ആറ് ദിവസം മുമ്പ് കാണാതായ 19കാരി അങ്കിതയുടെ മൃതദേഹം ശനിയാഴ്ചയാണ് ചില്ലയിലെ പവര്‍ ഹൗസിന് സമീപം കനാലിൽ കണ്ടെത്തിയത്. റിസോര്‍ട്ടിന് സമീപത്തെ കനാലിലേക്ക് തള്ളിയിട്ടെന്നും ഇതോടെ അങ്കിത മുങ്ങി മരിക്കുകയായിരുന്നെന്നുമാണ് പ്രതികൾ പൊലീസിന് നൽകിയ മൊഴി.

സംഭവത്തെ തുടർന്ന് വൻ പ്രതിഷേധമാണ് അരങ്ങേറിയത്. ബി.ജെ.പി എം.എൽ.എ റേണു ബിഷ്തിന്‍റെ കാർ പ്രതിഷേധക്കാർ അടിച്ചുതകർത്തിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് റിസോർട്ടിന്‍റെ ഒരു ഭാഗം അധികൃതർ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു നീക്കിയിരുന്നു. അ​വശേഷിക്കുന്ന ഭാഗത്തിന് നാട്ടുകാർ തീവെക്കുകയും ചെയ്തു.

Tags:    
News Summary - Messages are out that prove that Ankita was forced into prostitution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.