അഫ്നാൻ,മുഹ്സിൻ
വർക്കല: ശരീരത്തിൽ എം.ഡി.എം.എ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച യുവാക്കൾ അറസ്റ്റിൽ. തോക്കാട് സ്വദേശിയായ ചെമ്മരുതി നൂറാ മൻസിലിൽ മുഹമ്മദ് അഫ്‌നാൻ (24), വർക്കല കാറാത്തല ഷെരീഫ് മൻസിലിൽ മുഹ്സിൻ (23) എന്നിവരാണ് പിടിയിലായത്. ബംഗളൂരുവിൽ നിന്ന് ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന എം.ഡി എം.എയുമായി വർക്കല റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി ബൈക്കിൽ കയറുന്നതിനിടെയാണ് യുവാക്കൾ പിടിയിലായത്.
ജില്ലാ റൂറൽ എസ്.പിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഡാൻസാഫ് ടീം ആണ് യുവാക്കളെ പിടികൂടിയത്. രണ്ട് പ്രതികളെയും വർക്കല പൊലീസിന് കൈമാറി. ലഹരി വസ്തു പ്രതികളുടെ മലദ്വാരത്തിനുള്ളിൽ ഒളിപ്പിച്ചിട്ടുണ്ടെന്നുള്ള രഹസ്യ വിവരത്തെ അടിസ്ഥാനമാക്കി വൈദ്യ പരിശോധനക്ക് വിധേയമാക്കുന്നതിനായി വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഹ്സിന്‍റെ ദേഹപരിശോധനയിൽ 28 ഗ്രാം എം.ഡി.എം.എ രഹസ്യഭാഗത്ത് ഒളിപ്പിച്ച നിലയിൽ കണ്ടെടുത്തു.
എക്സ്റേ എടുത്ത് പരിശോധിച്ചപ്പോഴാണ് മലദ്വാരത്തിനുള്ളിൽ മയക്കുമരുന്ന് ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. അത് പുറത്തെടുക്കാനുള്ള ശ്രമങ്ങൾ വർക്കല താലൂക്ക് ആശുപത്രിയിൽ നടന്നെങ്കിലും വിജയിച്ചില്ല. തുടർന്ന് ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. എം.ഡി.എം.എ കടത്തിയതിന് അഫ്നാന്റെ പേരിൽ രണ്ട് കേസുകൾ നിലവിലുണ്ട്. ഈ കേസുകളിൽ റിമാൻഡിൽ ആയതിനുശേഷം ജാമ്യത്തിൽ ഇറങ്ങിയാണ് വീണ്ടും എം.ഡി.എം.എ കടത്ത് നടത്തിയത്.
ജനുവരി മാസത്തിൽ റൂറൽ ഡാൻസാഫ് പിടികൂടുന്ന മൂന്നാമത്തെ കൊമേഴ്സിൽ ക്വാണ്ടിറ്റിയിലുള്ള എം.ഡി.എം.എ കേസാണിത്. തിരുവനന്തപുരം ജില്ല പൊലീസ് മേധാവി സുദർശൻ ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നർക്കോട്ടിക് ഡി.വൈ.എസ്.പി പ്രദീപ്, വർക്കല ഡി.വൈ.എസ്.പി ഗോപകുമാർ എന്നിവരുടെ നിർദ്ദേശാനുസരണം വർക്കല എസ്. എച്ച്.ഒ ജെ.എസ്.പ്രവീണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ജില്ലാ റൂറൽ ഡാൻസാഫ് ടീമും എക്സൈസും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.