കാസർകോട്: ജില്ലയിലെ പൊലീസിന്റെ നേതൃത്വത്തിൽ വൻ ലഹരിവേട്ട. കാസർകോട്, വിദ്യാനഗർ, ഹോസ്ദുർഗ്, ബേക്കൽ പൊലീസ് സ്റ്റേഷനുകളിലായി 40 ഗ്രാമോളം എം.ഡി.എം.എയും ആറു ഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടികൂടി. നാലുദിവസത്തിനിടെ ലഹരികടത്തുസംഘത്തിലെ ആറുപേരാണ് പിടിയിലായത്.
വാഹനപരിശോധനക്കിടെ ഓട്ടോയിൽ കടത്താൻ ശ്രമിച്ച എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിലായി. കാസർകോട് ഷിറിബാഗിലു നാഷനൽ നഗർ സ്വദേശിയും മുളിയാർ മാസ്തികുണ്ട് ക്വാട്ടേഴ്‌സിൽ താമസിക്കുന്ന കെ. ഉസ്‍മാൻ (43), ഷിറിബാഗിലു ബദർ പള്ളിക്കുസമീപം താമസിക്കുന്ന അബ്ദുറഹിമാൻ (55) എന്നിവരാണ് കാസർകോട് പൊലീസിന്റെ പിടിയിലായത്.
28.32 ഗ്രാം എം.ഡി.എം.എയാണ് ഇവരിൽനിന്ന് പിടികൂടിയത്. പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ചനിലയിലാണ് കണ്ടെടുത്തത്. കഴിഞ്ഞദിവസം ബേക്കൽ പൊലീസ് രണ്ടുപേരെ എം.ഡി.എം.എയുമായി പിടികൂടിയിരുന്നു. പയ്യന്നൂർ രാമന്തളി കുന്നരു സ്വദേശികളായ എം. പ്രജിത് (33) ടി. സജിത്ത് (36) എന്നിവരാണ് പിടിയിലായത്. 1.95 ഗ്രാം എം.ഡി.എം.എയാണ് ഇവരിൽനിന്ന് പിടികൂടിയത്.
വിദ്യാനഗർ പൊലീസ് സ്റ്റേഷൻപരിധിയിൽ സംശയാസ്പദമായ സാചര്യത്തിൽ കണ്ട ആളെ വിദ്യാനഗർ പൊലീസ് പിടികൂടി. ജില്ല പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡിന്റെ പരിശോധനയിലാണ് ആറു ഗ്രാം എം.ഡി.എം.എയും ആറു ഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടികൂടിയത്. ഉളിയത്തടുക്ക ഗണേഷ് നഗർ സ്വദേശി മുഹമ്മദ് ഹനീഫയാണ് (34) പിടിയിലായത്.
ഹോസ്ദുർഗ് പൊലീസിന് വീട്ടിൽ ലഹരി സൂക്ഷിച്ചതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഒരാൾ പിടിയിലായി. മൂന്നു ഗ്രാം എം.ഡി.എം.എയുമായി മുറിയാനാവി സ്വദേശി ഷാജഹാൻ അബൂബക്കറാണ് (41) പിടിയിലായത്. ഇയാളുടെ കിടപ്പുമുറിയിലെ ബാത്‌റൂമിൽ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
ആകെ 39.27 ഗ്രാം എം.ഡി.എം.എയും ആറു ഗ്രാം ഹൈബ്രിഡ് കഞ്ചാവുമാണ് ആറു പേരിൽനിന്നുമായി നാലു ദിവസത്തിനിടെ ജില്ലയിൽ പിടികൂടിയത്.
ജില്ല പൊലീസ് മേധാവി ബി.വി. വിജയഭാരത് റെഡ്‌ഡിയുടെ നിർദേശപ്രകാരം കാസർകോട് എ.എസ്.പി ഡോ. എം. നന്ദഗോപൻ, കാഞ്ഞങ്ങാട് ഡിവൈ.എസ്.പി സുരേഷ് ബാബു, ബേക്കൽ ഡിവൈ.എസ്.പി വി.വി. മനോജ് എന്നിവരുടെ മേൽനോട്ടത്തിൽ കാസർകോട് ഇൻസ്‌പെക്ടർ പി. നളിനാക്ഷൻ, വിദ്യാനഗർ ഇൻസ്‌പെക്ടർ കെ.പി. ഷൈൻ, ഹോസ്ദുർഗ് ഇൻസ്‌പെക്ടർ ഇ. അനൂപ് കുമാർ, ബേക്കൽ ഇൻസ്‌പെക്ടർ രഞ്ജിത് രവീന്ദ്രൻ, സബ് ഇൻസ്‌പെക്ടർ കെ. രാജീവൻ, എസ്. അനൂപ്, ടി. അഖിൽ, സി.പി. ജിജേഷ്, സെബാസ്റ്റ്യൻ, നീതു, സി.ആർ. റോഷിത് മൗഷമി, എ.എസ്.ഐ അജയകുമാർ, പ്രദീപ് കുമാർ, നിഷാദ്, കെ. അനിൽ, എൻ.ആർ. പ്രശാന്ത്, ശ്യാം ചന്ദ്രൻ, വി. രമേഷ്, ജീതീഷ്, രാജേഷ്, സനീഷ് ജോസഫ്, കൃഷ്ണനുണ്ണി, ജില്ല പൊലീസ് മേധാവിയുടെ സ്‌ക്വാഡ് കാസർകോട്, കാഞ്ഞങ്ങാട് സബ് ഡിവിഷൻ സ്‌ക്വാഡ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.