മുംബൈ: മുംബൈയിലെ പാം ബീച്ച് റോഡിലുണ്ടായ വാഹനാപകടത്തിന് പിന്നാലെ ലക്ഷക്കണക്കിന് രൂപ വിലവരുന്ന മയക്കുമരുന്നും തോക്കും പിടികൂടി. വെള്ളിയാഴ്ച പുലർച്ചയുണ്ടായ അപകടത്തിന് പിന്നാലെ എസ്.യു.വി കാറിൽ നിന്നാണ് 69.95 ലക്ഷം രൂപ വിലമതിക്കുന്ന 70 കിലോയോളം വരുന്ന കഞ്ചാവ് പോപ്പി അവശിഷ്ടങ്ങളും നാടൻ തോക്കും ആറ് വെടിയുണ്ടകളും പൊലീസ് കണ്ടെടുത്തത്. അപകടത്തിന് പിന്നാലെ കാർ ഉപേക്ഷിച്ച് കടന്നുകളഞ്ഞ രാജസ്ഥാൻ ജോധ്പൂർ സ്വദേശിയായ ഗൺപത് ബിർബൽ റാം എന്ന പ്രതിക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.
സി.ബി.ഡി ബേലാപൂരിൽ നിന്ന് വാശിയിലേക്ക് അമിതവേഗതയിൽ പോവുകയായിരുന്ന വെളുത്ത എം.ജി ഹെക്ടർ കാറാണ് അപകടത്തിൽപ്പെട്ടത്. പുലർച്ച അക്ഷർ സിഗ്നലിന് സമീപം നിയന്ത്രണം വിട്ട കാർ ആദ്യം ഒരു ഹോണ്ട ആക്ടിവ സ്കൂട്ടറിനെ ഇടിച്ചു തെറിപ്പിച്ചു. തുടർന്ന് റോഡരികിലെ സുരക്ഷാ ബാരിക്കേഡുകളിലും സി.സി.ടി.വി സിഗ്നൽ തൂണിലും ഇടിച്ചാണ് നിന്നത്. ഇടിയുടെ ആഘാതത്തിൽ മൂന്ന് ലക്ഷത്തോളം രൂപയുടെ പൊതുമുതൽ നശിച്ചതായും സി.സി.ടി.വി കാമറകൾ തകർന്നതായും പൊലീസ് പറഞ്ഞു.
അപകടം നടന്നയുടൻ ഡ്രൈവർ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. തുടർന്ന് എൻ.ആർ.ഐ കോസ്റ്റൽ പൊലീസ് സ്ഥലത്തെത്തി തകർന്ന കാർ പരിശോധിച്ചപ്പോഴാണ് അഞ്ച് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 69.95 കിലോഗ്രാം ഭാരമുള്ള മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. ഇതിനൊപ്പമാണ് ഒളിപ്പിച്ച നിലയിൽ നാടൻ തോക്കും വെടിയുണ്ടകളും കണ്ടെടുത്തത്. പിടിച്ചെടുത്ത മയക്കുമരുന്നിനും വാഹനത്തിനും കൂടി ആകെ 90.89 ലക്ഷം രൂപ വിലവരുമെന്ന് പൊലീസ് കണക്കാക്കുന്നു.
പ്രതിക്കായി നവി മുംബൈ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും അന്വേഷണം ഊർജിതമാക്കുകയും ചെയ്തിട്ടുണ്ട്. ലഹരിക്കടത്ത്, ആയുധ നിയമം, പൊതുമുതൽ നശിപ്പിക്കൽ, അശ്രദ്ധമായി വാഹനമോടിക്കൽ തുടങ്ങിയ കടുത്ത വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. രാജസ്ഥാനിൽ നിന്നും മുംബൈയിലേക്ക് വൻതോതിൽ ലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് പ്രതിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.