കൊല്ലപ്പെട്ട മനോരമ, പ്രതി ആദം അലി 

മനോരമ വധക്കേസ് പ്രതിക്ക് ജീവപര്യന്തം കഠിന തടവ്; കുറ്റക്കാരനെന്ന വിധിക്ക് പിന്നാലെ പ്രതി കോടതിയിൽ നിന്ന് ഇറങ്ങിയോടി

തിരുവനന്തപുരം: പട്ടാപ്പകൽ മധ്യവയസ്കയെ കൊന്ന് കിണറ്റിലെറിഞ്ഞ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിന തടവും 90,000 രൂപ പിഴയും. റിട്ട. ഉദ്യോഗസ്ഥ കേശവദാസപുരം സ്വദേശി മനോരമയെ കൊന്ന് അയൽ വീട്ടിലെ കിണറ്റിൽ കല്ലുകെട്ടി താഴ്ത്തിയ കേസിൽ പശ്ചിമ ബംഗാൾ സ്വദേശി ആദം അലിയെയാണ് തിരുവനന്തപുരം അഞ്ചാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി വി. അനസ് ശിക്ഷിച്ചത്.

കേസിലെ ഏക പ്രതിയാണ് ആദം അലി. പിഴത്തുക മനോരമയുടെ ഭർത്താവിന് നൽകാനും ലീഗൽ സർവിസ് അതോറിറ്റിക്ക് നിർദേശം നൽകി. ശനിയാഴ്ച രാവിലെ കേസ് പരിഗണിച്ചപ്പോൾ കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ പ്രതി കോടതി മുറിയിൽനിന്ന് ഇറങ്ങിയോടി. തുടർന്ന്, പ്രതിയെ അഭിഭാഷകരും പൊലീസും ചേർന്ന് പിടികൂടുകയായിരുന്നു.

തൊട്ടടുത്ത വീട്ടിൽ വീട്ടുജോലിക്ക് വന്നതാണ് ആദം അലി. 2022 ആഗസ്റ്റ് ഏഴിനാണ് മുൻകൂട്ടി ആസൂത്രണം നടത്തി കവർച്ചക്കായി മനോരമയുടെ ഭർത്താവ് വീട്ടിലില്ലാത്ത ദിവസം ഇയാൾ എത്തിയത്. കവർച്ചശ്രമത്തിനിടെ മനോരമ കൊല്ലപ്പെടുകയായിരുന്നു. സംഭവത്തെ തുടർന്ന്, ട്രെയിൻ മാർഗം കേരളംവിട്ട പ്രതിയെ റെയിൽവേ സ്റ്റേഷനിൽ ആർ.പി.എഫ് പിടികൂടുകയായിരുന്നു.

കുറ്റകൃത്യം നടന്ന് 63 ദിവസത്തിനുള്ളിലാണ് മെഡിക്കൽ കോളജ് പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 65 സാക്ഷികളും 30 തൊണ്ടി മുതലും 58 രേഖകളും അടക്കം 300 പേജ് വരുന്ന കുറ്റപത്രമാണ് സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി ഗിന കുമാരി ഹാജരായി.

കൊന്നു കിണറ്റിൽ തള്ളി; നിർണായകമായത് സി.സി.ടി.വി ദൃശ്യങ്ങൾ

തിരുവനന്തപുരം: മനോരമ വധക്കേസിൽ നിർണായകമായത് പ്രതി മൃതദേഹം കിണറ്റിൽ തള്ളുന്ന സി.സി.ടി.വി ദൃശ്യങ്ങൾ. മൃതദേഹം ചുമന്ന് കൊണ്ടുവന്ന ആദം അലി, ആദ്യം അടുത്ത പുരയിടത്തിലേക്ക് ഇട്ടു. തുടർന്ന് കിണറ്റിൻകര വരെ വലിച്ചുകൊണ്ടുപോയി കാലിൽ കല്ല് കെട്ടി കിണറ്റിലേക്ക് ഇടുകയായിരുന്നു. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് പ്രതി പിടിയിലായത്.

അടുത്ത വീട്ടിൽ പണിക്കെത്തിയിരുന്ന 21കാരനായ ആദം അലി വെള്ളം കുടിക്കാനായി സ്ഥിരമായി പോയിരുന്നത് കൊല്ലപ്പെട്ട മനോരമയുടെ വീട്ടിലായിരുന്നു. എന്നും കണ്ട് പരിചയമുള്ള ആളായതിനാൽ പ്രതിക്ക് പെട്ടെന്ന് വീട്ടിനുള്ളിലേക്ക് കടക്കാൻ കഴിഞ്ഞു. കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത്. ഇവരുടെ ആഭരണങ്ങൾ കാണാനില്ലായിരുന്നു. ഇതോടെയാണ് മോഷണത്തിന് വേണ്ടിയുള്ള കൊലപാതകമാണെന്ന നിഗമനത്തിൽ പൊലീസെത്തിയത്.

Tags:    
News Summary - Manorama murder case accused sentenced to life imprisonment and fine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.