സ്ത്രീകളെ തട്ടിപ്പിനിരയാക്കി മുങ്ങുന്നയാൾ ഒളിച്ചു കഴിഞ്ഞത്​ പാചകക്കാരനായി; പിടിയിലായത്​ ആറു വർഷത്തിന്​ ശേഷം

ശ്രീകണ്ഠപുരം: സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് അവരുടെ പണം തട്ടിയെടുക്കുന്ന മധ്യവയസ്‌കന്‍ പിടിയില്‍. ഇരിട്ടി കീഴൂരിലെ പടിപ്പുരയ്ക്കല്‍ ജയപ്രസാദിനെയാണ് (59) ശ്രീകണ്ഠപുരം പ്രിൻസിപ്പൽ എസ്.ഐ സുബീഷ് മോനും എ.എസ്.ഐ എ. പ്രേമരാജനും ചേര്‍ന്ന് തിരുവനന്തപുരം തമ്പാനൂരില്‍ അറസ്​റ്റ് ചെയ്തത്. ശ്രീകണ്ഠപുരം സി.ഐ ഇ.പി സുരേശന് ലഭിച്ച രഹസ്യവിവരമാണ് പ്രതിയെ പിടികൂടാന്‍ സഹായകമായത്.

2009ല്‍ ശ്രീകണ്ഠപുരം നിടിയേങ്ങ സ്വദേശിനിയായ 55 കാരിയുടെ ഭൂമിയുടെ ആധാരം കൈക്കലാക്കി അത് കെ.എസ്.എഫ്.ഇയില്‍ പണയപ്പെടുത്തി ഒരു ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്​റ്റ്. സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച ശേഷം വായ്പ ശരിയാക്കി തരാമെന്ന് പറഞ്ഞാണ് ജയപ്രസാദ് അവരെ തട്ടിപ്പിനിരയാക്കുന്നത്.

നിടിയേങ്ങയിലെ സ്ത്രീയോടും വായ്പ ശരിയാക്കിത്തരാമെന്ന് പറഞ്ഞാണ് അവരുടെ സ്ഥലത്തി​െൻറ ആധാരം കൈക്കലാക്കിയത്. എന്നാല്‍, വായ്പ ലഭിക്കാത്തതിനെത്തുടര്‍ന്ന് ആധാരം തിരിച്ചുനല്‍കാന്‍ സ്ത്രീ പലതവണ ആവശ്യപ്പെട്ടെങ്കിലും ഒഴിഞ്ഞുമാറുകയായിരുന്നു. പിന്നീട് ഇയാള്‍ ഫോണ്‍ എടുക്കാതായി. വര്‍ഷങ്ങളോളം കാത്തിരുന്നിട്ടും ആധാരം തിരിച്ചു ലഭിക്കാത്തതിനെത്തുടര്‍ന്ന് 2015 ജൂണ്‍ നാലിനാണ് സ്ത്രീ പൊലീസില്‍ പരാതി നല്‍കിയത്.

പൊലീസ് കേസെടുത്തത് അറിഞ്ഞതോടെ ഇയാള്‍ മുങ്ങുകയായിരുന്നു. പിന്നീട് ഫോണ്‍ ഉപയോഗിക്കാത്തതിനാല്‍ ഇയാള്‍ എവിടെയാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഹോട്ടല്‍ ജോലിക്കാരനായ ഇയാള്‍ ശ്രീകണ്ഠപുരത്ത് നിന്ന് മുങ്ങിയ ശേഷം, തൃശൂര്‍, എറണാകുളം, മൂവാറ്റുപുഴ, ആലപ്പുഴ, കൊല്ലം തുടങ്ങിയ സ്ഥലങ്ങളില്‍ ഹോട്ടല്‍ ജോലി ചെയ്തുവരികയായിരുന്നു.

നിലവിൽ തമ്പാനൂരില്‍ നിര്‍മാണം നടന്നു കൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ പണിയെടുക്കുന്നവര്‍ക്ക് ഭക്ഷണം പാചകം ചെയ്തുകൊടുക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കെയാണ് പിടിയിലായത്. സംസ്ഥാനത്തി​െൻറ പല ഭാഗത്തും ഇയാള്‍ സ്ത്രീകളെ തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്ന് സൂചനയുള്ളതിനാൽ വിശദ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. ശ്രീകണ്ഠപുരം ചേപ്പറമ്പില്‍ ഒരു സ്ത്രീയെയും സമാനമായ തട്ടിപ്പിനിരയാക്കിയെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതിയെ തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കി.

Tags:    
News Summary - man who was cheated women arrested after six years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.