മുംബൈ: ക്ഷമാപണ വിഡിയോയുമായി പുനെയിലെ നടുറോഡിൽ മൂത്രമൊഴിച്ച യുവാവ്. പൊലീസ് കസ്റ്റഡിയിലെടുക്കുന്നതിന് മുമ്പാണ് ഗൗരവ് അഹൂജ ക്ഷമാപണ വിഡിയോ പോസ്റ്റ് ചെയ്തത്. കാറിന്റെ ഡോറുകൾ തുറന്ന് തന്റെ ബി.എം.ഡബ്ല്യു കാറിൽ നിന്നിറങ്ങിയ അഹൂജ റോഡിന്റെ നടുവിൽ മൂത്രമൊഴിക്കുകയായിരുന്നു. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. സംഭവത്തിൽ ക്ഷമാപണം നടത്തിയ അഹൂജ അത്തരം പെരുമാറ്റം ആവർത്തിക്കില്ലെന്നും ഉറപ്പുനൽകി.
കാറിൽ അഹൂജക്കൊപ്പം മറ്റൊരാളുമുണ്ടായിരുന്നു. സമീപത്തുണ്ടായിരുന്ന ഒരാളാണ് അഹൂജ പൊതുയിടത്തിൽ മൂത്രമൊഴിക്കുന്നത് ചിത്രീകരിച്ചത്. ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ പുനെ പൊലീസ് കേസെടുക്കുകയായിരുന്നു.
'ഇന്നലത്തെ പ്രവൃത്തിയിൽ ഞാൻ വളരെ ലജ്ജിക്കുന്നു. പുനെയിലെയും മഹാരാഷ്ട്രയിലെയും ഇന്ത്യയിലെയും ജനങ്ങളോട് ഞാൻ ശരിക്കും ക്ഷമ ചോദിക്കുന്നു. പൊലീസ് വകുപ്പിനോടും ഏക്നാഥ് ഷിൻഡെ സാഹിബിനോടും ഞാൻ ക്ഷമ ചോദിക്കുന്നു. ദയവായി എന്നോട് ക്ഷമിക്കൂ... എനിക്ക് ഒരു അവസരം തരൂ. ഇനി ഒരിക്കലും അത് സംഭവിക്കില്ല. എട്ട് മണിക്കൂറിനുള്ളിൽ കീഴടങ്ങും'-എന്നാണ് വിഡിയോയിൽ അഹൂജ പറയുന്നത്.
അഹൂജയെ മഹാരാഷ്ട്രയിലെ സതാര ജില്ലയിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒപ്പമുണ്ടായിരുന്ന ഭാഗ്യേഷ് ഒസ്വാളിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവം നടക്കുമ്പോൾ ഇരുവരും മദ്യപിച്ചിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.
അഹൂജക്കെതിരെ പൊതുജനശല്യം, അശ്രദ്ധമായ ഡ്രൈവിങ്, പൊതുസുരക്ഷ അപകടത്തിലാക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.