യുവതിയെ പീഡിപ്പിച്ചയാളെ കുടുംബാംഗങ്ങൾ തല്ലിക്കൊന്നു

ഫരീദാബാദ്: ഹരിയാനയിൽ യുവതിയെ പീഡിപ്പിച്ചയാളെ തല്ലിക്കൊന്നു. ഫരീദാബാദ് സ്വദേശി മോഹിത് ആണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. വ്യാഴാഴ്ച രാത്രി 11ഓടെ ഭുപാനിയിലാണ് സംഭവം. ഇയാളുടെ സുഹൃത്ത് നവീനും മർദ്ദനമേറ്റിട്ടുണ്ട്. മോഹിതും നവീനും സഞ്ചരിച്ച കാർ യുവതിയുടെ വീട്ടുകാർ തടയുകയും കാറിൽ നിന്ന് വലിച്ചിറക്കി വടികളും ഇരുമ്പ് ദണ്ഡും ഉപയോഗിച്ച് മർദിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.

മോഹിതിനും നവീനുമെതിരെ പീഡനപരാതി നൽകാൻ പൊലീസ് സ്റ്റേഷനിൽ എത്തിയതായിരുന്നു യുവതിയും കുടുംബവും. എന്നാൽ ഈ സമയം രണ്ടു യുവാക്കൾ വീട്ടിൽ അതിക്രമിച്ച് കയറിയതായും സ്ത്രീകളെ ഭീഷണിപ്പെടുത്തുന്നതായും അയൽ വാസികൾ ഇവരെ ഫോൺ വിളിച്ച് അറിയിച്ചു.

തുടർന്ന് യുവതിയും കുടുംബാംഗങ്ങളും വീട്ടിലേക്ക് തിരിച്ച് പോയി. കുടുംബത്തിന് പിന്നാലെ പൊലീസും വീട്ടിലെത്തിയെങ്കിലും യുവാക്കൾ സ്ഥലം വിട്ടിരുന്നു. സംഭവത്തിന് ഒരു മണിക്കൂറിന് ശേഷം മോഹിതിനെയും നവീനെയും യുവതിയുടെ കുടുംബാംഗങ്ങൾ മർദിക്കുന്നതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു.

പൊലീസ് സ്ഥലത്തെത്തുന്നതുവരെ മർദ്ദനം തുടരുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ നവീനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കുടുബാംഗങ്ങൾക്കെതിരെ കേസ് എടുത്തതായും പൊലീസ് അറിയിച്ചു.

Tags:    
News Summary - Man who ‘molested’ woman lynched to death by her family members in Faridabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.